ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ നിറയുന്നു; ഗുരുതരമല്ലാത്തവരെ വീടുകളില്‍ തന്നെ പാര്‍പ്പിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ നിറയുന്നതിനാല്‍ ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ വീടുകളില്‍ തന്നെ പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൊവിഡ് ബാധിതനായ നഗരസഭയിലെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി.

18 ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ആകെ 2395 കിടക്കകളില്‍ 1620 കിടക്കകളിലാണ് ഇപ്പോള്‍ രോഗികള്‍ ഉള്ളത്. ബാക്കിയുള്ളത് 857 കിടക്കകള്‍. ഇതില്‍ മൂന്ന് ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണുകളിലെ ഏഴ് കേന്ദ്രങ്ങളിലെ 220 കിടക്കളും ഉള്‍പ്പെടും. ഒടുവില്‍ ലഭ്യമായ കണക്ക് പ്രകാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ 123 ബെഡുകളും ജനറല്‍ ആശുപത്രിയില്‍ 42 ബെഡുകളും ഒഴിവുണ്ട്. സംസ്ഥാനത്തെ ആകെയുള്ള രോഗികളില്‍ 27 ശതമാനവും തിരുവനന്തപുരത്താണ്.

ദിവസവും 200ല്‍ അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയില്‍ വൈകാതെ കിടക്കകള്‍ മതിയാകാതെ വരുമോ എന്നുള്ളതാണ് പ്രധാന ആശങ്ക. ഇതിനിടെയാണ് മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതും ലക്ഷണമില്ലാത്തതുമായ കൊവിഡ് രോഗികളെ വീടുകളില്‍ പാര്‍പ്പിക്കാന്‍ സൗകര്യമുണ്ടെങ്കില്‍ അതിന് തയ്യാറാവണമെന്നാണ് അഭിപ്രായം ഉയരുന്നത്. പരിമിതമായ സൗകര്യങ്ങളുള്ള ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനേക്കാള്‍ വീടുകളില്‍ തന്നെ കഴിയുന്നതാവും രോഗികളുടെ മാനസികാരോഗ്യത്തിന് നല്ലതെന്ന അഭിപ്രായം ഒരു വിഭാഗം വിദഗ്ധര്‍ക്കുണ്ട്.

Top