ലോകകപ്പിലെ ആദ്യതോൽവി; ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട് ഇന്ത്യ

പെർത്ത്: ദക്ഷിണാഫ്രിക്കയെ എറിഞ്ഞിടാമെന്ന കണക്ക്കൂട്ടൽ തെറ്റിയപ്പോൾ ടി20 ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ തോൽവി. പെർത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 134 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 19.4 ഓവറിൽ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു. ജയം അവസാന ഓവറിലെത്തിച്ചുവെന്നുമാത്രം ഇന്ത്യക്ക് ആശ്വസിക്കാം. എയ്ഡൻ മാർക്രം(52) ഡേവിഡ് മില്ലർ(59) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പികൾ.

മറുപടി ബാറ്റിങിൽ ടീം സ്‌കോർ മൂന്നിൽ നിൽക്കെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പൊരുതി. സ്‌കോർബോർഡിൽ 24 എത്തി നിൽക്കെ മൂന്നാം വിക്കറ്റും വീഴ്ത്തി ഇന്ത്യ കളിയിലേക്ക് വന്നു. എന്നാൽ നാലാം വിക്കറ്റ് വീഴ്ത്താൻ ടീം സ്‌കോർ 100 റൺസ് വരെ കാത്തിരിക്കേണ്ടി വന്നു. അതോടെ ദക്ഷിണാഫ്രിക്ക വിജയതീരത്ത് എത്തിയിരുന്നു.അതിനിടെ എയ്ഡൻ മാർക്രം അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. 41 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു മാർക്രത്തിന്റെ ഇന്നിങ്‌സ്. കളം മനസിലാക്കിയുള്ള ഇന്നിങ്‌സായിരുന്നു മാർക്രത്തിന്റെത്.

 

Top