ഫിഫ വനിതാ ലോകകപ്പില്‍ ഫിലിപ്പീന്‍സിന് ആദ്യ ജയം; ജയം ഏകപക്ഷീയമായ ഒരു ഗോളിന്

ഫിഫ വനിതാ ലോകകപ്പില്‍ ഫിലിപ്പീന്‍സിന് ആദ്യ ജയം. സഹ-ആതിഥേയരായ ന്യൂസിലന്‍ഡിനെയാണ് ഫിലിപ്പീന്‍സ് പരാജയപ്പെടുത്തിയത്. ഫിലിപ്പീന്‍സിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്. ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. അതേസമയം മത്സരത്തില്‍ ന്യൂസിലന്‍ഡ് ഒരു ഗോള്‍ നേടിയെങ്കിലും ഇത് അനുവദിക്കപ്പെട്ടില്ല.

ലോകകപ്പില്‍ ആദ്യമായി നോക്കൗട്ടിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് കിവീസ് വനിതകള്‍ കളത്തിലിറങ്ങിയത്. ആദ്യ വിസില്‍ മുതല്‍ ബോള്‍ പൊസഷനില്‍ ആധിപത്യം പുലര്‍ത്തിയ ന്യൂസിലന്‍ഡ്, ഗോള്‍ നേടാനുള്ള നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ സറീന ബോള്‍ഡന്റെ 24-ാം മിനിറ്റിലെ ഹെഡറാണ് കളി നിര്‍ണയിച്ചത്. ഫിലിപ്പീന്‍സിന്റെ ചരിത്ര മാച്ച് വിന്നര്‍ ഗോളായിരുന്നു അത്. കിവി ഫുട്‌ബോള്‍ ആരാധകരെക്കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തെ നിശബ്ദമാക്കികൊണ്ടായിരുന്നു സറീന ബോള്‍ഡന്റെ ഗോള്‍ പിറന്നത്.

ന്യൂസിലന്‍ഡ് പ്രതിരോധത്തില്‍ ഉണ്ടായ താളം തെറ്റല്‍ സറീന മുതലെടുക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷം ന്യൂസിലന്‍ഡ് വര്‍ധിത വീര്യത്തോടെ കളിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേടാനായില്ല. ഹാഫ് ടൈമിന് മുമ്പ് ഒരുപിടി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പാഴാക്കിയിരുന്നു. രണ്ടാം പകുതിയില്‍ ഫിലിപ്പീന്‍സിനെതിരെ ന്യൂസിലന്‍ഡ് സര്‍വ്വ ശക്തിയുമെടുത്തെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച ന്യൂസിലന്‍ഡ് സ്വിറ്റ്സര്‍ലന്‍ഡിനെയും ഫിലിപ്പീന്‍സ് നോര്‍വെയെയും നേരിടും.

Top