നാടന്‍ പാട്ടുമായി അജഗജാന്തരത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറക്കുന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന ചിത്രങ്ങളില്‍ ഒന്നായാണ് ടിനു പാപ്പച്ചന്റെ ‘അജഗജാന്തരം’ കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

‘ഓളുള്ളേരു’ എന്നാരംഭിക്കുന്ന നാടന്‍ഗാനം സിനിമയ്ക്കുവേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. പ്രശസ്ത നാടന്‍പാട്ട് ഗായിക പ്രസീത ചാലക്കുടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹിന്‍ഷ ഹിലരി, ഹിംന ഹിലരി എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതായി വാദ്യം.

‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബുമോന്‍ അബ്ദുസമദ്, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ്. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. നേരത്തേ പലതവണ റിലീസ് മാറ്റിവച്ച ചിത്രമാണിത്.

 

Top