ഇന്ത്യയില്‍ ടിവിഎസ് അപ്പാച്ചെ RTR 165 RPയുടെ ആദ്യയൂണിറ്റുകള്‍ വിറ്റു തീര്‍ന്നു

ടിവിഎസ് മോട്ടോർ കമ്പനി കഴിഞ്ഞ ആഴ്‍ചയാണ് പുതിയ അപ്പാഷെ RTR 165 RP മോട്ടോർസൈക്കിളിനെ അവതരിപ്പിക്കുന്നത്.  ഇപ്പോഴിതാ, 200 യൂണിറ്റുകളില്‍ എത്തിയ മോട്ടോർസൈക്കിളിന്റെ ആദ്യബാച്ച് രാജ്യത്ത് പൂർണ്ണമായും വിറ്റുതീർന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതൽ വിശദാംശങ്ങളൊന്നും പങ്കുവെച്ചില്ലെങ്കിലും കൂടുതൽ ആർപി സീരീസ് മോട്ടോർസൈക്കിളുകളുമായി ഉടൻ തിരിച്ചെത്തുമെന്നും ടിവിഎസ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ടിവിഎസ് അപ്പാഷെ സീരീസ് മോട്ടോർസൈക്കിളുകളിലേക്ക് കൊണ്ടുവരുന്ന ബ്രാൻഡിന്‍റെ റേസിംഗ് ശ്രേണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടിവിഎസ് ആർപി സീരീസ് ഒരുക്കിയിരിക്കുന്നത്.  പുതിയ അപ്പാച്ചെ RTR 165 RP 1.45 ലക്ഷം (എക്‌സ്-ഷോറൂം, ദില്ലി) വിലയിലാണ് അവതരിപ്പിച്ചത്. അതേസമയം അപ്പാച്ചെ RTR 160 4V-യുടെ സ്റ്റാൻഡേർഡ് ഡ്യുവൽ-ഡിസ്‌ക് വേരിയന്റിന് 1.14 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.  ഈ ഉയർന്ന വിലയ്ക്ക്, ഒരു കൂട്ടം സ്റ്റൈലിംഗും മെക്കാനിക്കൽ അപ്‌ഗ്രേഡുകളും കമ്പനി മോട്ടോർസൈക്കിളിന് വാഗ്ദാനം ചെയ്യുന്നു. ത്രിവർണ്ണ പെയിന്റ് തീമും ടിവിഎസ് റേസിംഗ് ഡീക്കലുകളുമുള്ള അതിന്റേതായ അതുല്യവും സ്പോർട്ടിയർ ഗ്രാഫിക്സും മോട്ടോർസൈക്കിളിന് ഉണ്ട്.

Top