ഒമാനില്‍ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തത് 811 പ്രവാസികളെ

മസ്‌കറ്റ്:ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ രണ്ട് ഗവര്‍ണറേറ്റുകളില്‍ നിന്നു മാത്രമായി 811 പ്രവാസികളെ അറസ്റ്റ് ചെയ്തു എന്ന് ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് 811 പ്രവാസികളെ അറസ്റ്റ് ചെയ്തത്. ഇതില്‍ 309 പേര്‍ ജോലി സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടി പോയവരും 448 പേര്‍ തൊഴിലുടമകള്‍ ജോലികളില്‍ നിന്ന് പിരിച്ചുവിട്ട ശേഷവും രാജ്യത്ത് തുടര്‍ന്നവരുമാണ്. ഇതു കൂടാതെ നിയമ ലംഘനം നടത്തിയതിന് 54 പേരെയുമാണ് അറസ്റ്റ് ചെയ്തത്.

റോയല്‍ ഒമാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘമാണ് പരിശോധന നടത്തിയത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 94 സ്ഥാപനങ്ങളില്‍ ഇവര്‍ പരിശോധന നടത്തി.

ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലായി 444 പേരെയാണ് നാടുകടത്തിയതെന്ന്‌ മാന്‍പവര്‍ മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാരിസ് അല്‍ റുഷ്ദി അറിയിച്ചു. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് കിട്ടുന്ന വിവരങ്ങളും പിന്തുടര്‍ന്നാണ് പരിശോധന നടത്തുന്നത്.

Top