first solar boat Adithya is ready to make service to the country

രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ ബോട്ട് ആദിത്യ വൈക്കം ഫെറിയില്‍ സര്‍വീസ് നടത്താന്‍ ഇന്നെത്തും. ജനുവരി 12ന് ബോട്ടിന്റെ ഉദ്ഘാടനം നടക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി പീയുഷ്‌ഗോയല്‍ എന്നിവര്‍ പങ്കെടുക്കും.

ജലഗതാഗതവകുപ്പിന്റെ അരൂരിലെ യാര്‍ഡില്‍ ആണ് ആദിത്യയുടെ നിര്‍മ്മാണം നടന്നത്.

വൈക്കം മുതല്‍ തവണക്കടവുവരെ സര്‍വീസ് നടത്താനാണ് ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ് ആദിത്യക്ക് അനുമതി നല്‍കിയിരിക്കുന്നത്.

7.5 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള ബോട്ടിന് മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. ഇരുപത് മീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയുമുള്ള സൗരോര്‍ജ ബോട്ടിന് സാധാരണ വെയിലുള്ള ദിവസങ്ങളില്‍ ആറരമണിക്കൂര്‍ തുടര്‍ച്ചയായി യാത്രചെയ്യാം.

ചാര്‍ജ് ചെയ്യാനുള്ള സോളാര്‍ പാനലുകള്‍ ബോട്ടിനു മുകളിലായി നിരത്തിയിട്ടുണ്ട്. മലിനീകരണം ഇല്ലാത്തതും ജലഗതാഗതവകുപ്പിന്റെ ചെലവുകളില്‍ കാര്യമായ കുറവുവരുത്തുന്നതുമാണ് സോളാര്‍ ബോട്ടുകള്‍.

വൈക്കത്ത് സര്‍വീസ് വിജയകരമാകുന്നതോടെ ഭാവിയില്‍ ജലഗതാഗത വകുപ്പ് പണിയുന്ന ബോട്ടുകള്‍ ഈ മാതൃകയിലേക്ക് മാറ്റാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ശബ്ദമലിനീകരണവും അന്തരീക്ഷമലിനീകരണവും ജലമലിനീകരണവും ഇല്ലാത്തതാണ് സോളാര്‍ ബോട്ടുകള്‍. 75 പേര്‍ക്ക് ഇരിക്കാവുന്ന സോളാര്‍ ബോട്ട് 1.5 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ സബ്‌സിഡിയുംലഭിച്ചു. നിലവിലുള്ള ജെട്ടിക്ക് പകരം ഫ്‌ളോട്ടിങ് ജെട്ടിയാണ് സോളാര്‍ ബോട്ടിന് വേണ്ടത്. ഇതും ബുധനാഴ്ച എത്തിക്കും.

Top