ബ്രിട്ടനിലെ ആദ്യ സിഖ് വനിത എം പി പ്രീത് കൗര്‍ പാര്‍ലമെന്റ് സമിതിയില്‍

ലണ്ടന്‍: ബ്രിട്ടനിലെ ആദ്യത്തെ സിഖ് വനിത എം പിയായ പ്രീത് കൗര്‍ ഗില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

എഡ്ജ്ബാസ്റ്റണ്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രീത് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കാരിയാണ്.

ആഭ്യന്തര വിഷയങ്ങളില്‍ സ്വന്തം നിലയ്ക്ക് അന്വേഷണവും തെളിവെടുപ്പും നടത്താന്‍ അധികാരമുള്ള 11 അംഗ കമ്മിറ്റിയായ ഹൗസ് ഓഫ് കോമണ്‍സിന്റെ ആഭ്യന്തരവകുപ്പ് സെലക്ട് കമ്മിറ്റിയിലാണ് കൗര്‍ ഇടംപിടിച്ചത്.

ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ കമ്മിറ്റി നല്കുന്ന റിപ്പോര്‍ട്ടില്‍ രണ്ടു മാസത്തിനകം സര്‍ക്കാര്‍ പ്രതികരണം അറിയിച്ചിരിക്കണം.

ലേബര്‍ പാര്‍ട്ടിയുടെ തന്നെ യുവെറ്റെ കൂപ്പറാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. കമ്മിറ്റിയെ ഏറ്റവും കൂടുതല്‍ കാലം നയിച്ച ഇന്ത്യന്‍ വംശജനായ കീത് വാസ് കഴിഞ്ഞ വര്‍ഷം സ്ഥാനം ഒഴിഞ്ഞിരുന്നു.

ബ്രിട്ടനില്‍ സിഖ് വംശജര്‍ അനുഭവിക്കുന്ന അവഗണന തനിക്ക് ബ്രിട്ടീഷ് സര്‍ക്കാറിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി പ്രീത് കൗര്‍ പറഞ്ഞു.

Top