കലാപ ഭൂമിയിലേക്ക് മടക്കം; ആദ്യ റോഹിങ്ക്യന്‍ കുടുംബം മ്യാന്‍മറില്‍ തിരിച്ചെത്തി

rohingya

യങ്കൂണ്‍: മ്യാന്‍മറിലേക്ക് റോഹിങ്ക്യകള്‍ തിരികെയെത്തുന്നു. തിരികെ എത്തിയാലും അഭയാര്‍ഥികള്‍ സുരക്ഷിതമായിരിക്കില്ല എന്ന യുഎന്നിന്റെ നിര്‍ദ്ദേശം ഉണ്ടായിട്ടും തങ്ങളുടെ സ്വന്തം മണ്ണിലേക്ക് തിരികെയെത്താനാണ് റോഹിങ്ക്യകള്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ വര്‍ഷം റാഖിനി സംസ്ഥാനത്തും നിന്നും പലായനം ചെയ്ത 700000 പേരില്‍ ഒരു കുടുംബമാണ് ഇപ്പോള്‍ മ്യാന്‍മറില്‍ തിരിച്ചെത്തിയിരിക്കുന്നത്. മ്യാന്‍മര്‍ സര്‍ക്കാരും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളിലേക്കാണ് ഒരു കുടുംബം തിരിച്ചെത്തിയത്.

rohi

ഒരു കുടുംബം മ്യാന്‍മറിലേക്ക് തിരിച്ചുപോയതായി ബംഗ്ലാദേശ് അഭയാര്‍ഥി കമ്മീഷണര്‍ മൊഹമ്മദ് അബ്ദുള്‍ കലാമും വ്യക്തമാക്കി. തിരികെയെത്തിയ അഭയാര്‍ഥി കുടുംബത്തെ ആരോഗ്യ മന്ത്രാലയം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് അരി ഉള്‍പ്പെടെ മറ്റ് അവശ്യസാധനങ്ങളും അവര്‍ക്ക് നല്‍കി. കൂടാതെ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം തിരിച്ചറിയല്‍ കാര്‍ഡും ഇവര്‍ക്ക് വിതരണം ചെയ്തു.

റോഹിങ്ക്യകളുടെ മ്യാന്‍മറിലേക്കുള്ള തിരിച്ചുപോക്ക് ആശങ്ക ഉണര്‍ത്തുന്നുവെന്നും, അഭയാര്‍ഥികള്‍ എത്രമാത്രം സുരക്ഷിതമാണെന്നും, അഭയാര്‍ഥികള്‍ക്ക് അവിടുത്തെ സാഹചര്യം നല്ലതല്ലെന്നും കഴിഞ്ഞ ആഴ്ച മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തിയ മുതിര്‍ന്ന യുഎന്‍ അംഗം ഉര്‍സുല മുള്ളര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് തൊട്ടു പിന്നാലെയാണ് ആദ്യ അഭയാര്‍ഥി കുടുംബത്തിന്റെ തിരിച്ചു പോക്ക്.

ബംഗ്ലാദേശ്- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി തമ്പടിച്ചിരിക്കുകയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. അഭയാര്‍ഥികള്‍ തങ്ങളുടെ നിയമ പരിധിയില്‍ അല്ല അതുകൊണ്ടു തന്നെ എത്ര അഭയാര്‍ഥികള്‍ തിരിച്ചുപോകുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും കലാം പറഞ്ഞു.

Rohingya refugees

കഴിഞ്ഞ ജനുവരിയില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസം സംബന്ധിച്ച കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. ഘട്ടം ഘട്ടമായി അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരികെ കൊണ്ടു വരാമെന്ന ധാരണയിലാണ് ഒപ്പുവെച്ചത്. എന്നാല്‍ നാലുമാസം കഴിഞ്ഞിട്ടും അതില്‍ ഒരു നടപടി മ്യാന്‍മര്‍ ഭരണകൂടം നടപ്പാക്കിയിരുന്നില്ല.

കഴിഞ്ഞ ആഗസ്തിലാണ് മ്യന്‍മര്‍ ഭരണകൂടത്തിന്റെ സായുധസേന രാഖിനി പ്രദേശത്ത് താമസിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടത്. വംശീയ ഉന്‍മൂല നാശനം ലക്ഷ്യമിട്ടാണ് പട്ടാള നടപടി.

റോഹിങ്ക്യകള്‍ക്ക് നേരെ ക്രൂരമായ അതിക്രമമാണ് സൈന്യം നടത്തിയിരുന്നത്. സ്ത്രീകളേയും, കുട്ടികളേയും ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരിയാക്കി. പലരേയും കൊന്നു തള്ളി. കൊള്ളയടിച്ചു ,വീടുകള്‍ കത്തിചാമ്പലാക്കി. നിലവില്‍ ഭൂമിയിരുന്ന സ്ഥലത്ത് ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരപ്പാക്കിയിരുന്നു. ലോകരാഷ്ട്രങ്ങള്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റോഹിങ്ക്യകളുടെ പുനരധിവാസത്തെ കുറിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത്.

Top