ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 52 ശതമാനം

ഗാന്ധിനഗർ: ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വോട്ടെടുപ്പിന് പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല. 52 ശതമാനമായിരുന്നു പോളിംഗ്. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കനത്ത പോരാട്ടമാണ് നടക്കുന്നതെങ്കിലും തെക്കൻ ഗുജറാത്തിലും സൗരാഷ്ട്ര കച്ച് മേഖലയിലും മന്ദഗതിയിൽ ആയിരുന്നു തുടക്കം മുതൽ പോളിംഗ്.

സൂറത്തിലെ കദർഗാമിൽ പോളിംഗ് ബോധപൂർവ്വമായി മന്ദഗതിയിലാക്കി എന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ആപ്പ് സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇത്താലിയ മത്സരിക്കുന്ന മണ്ഡലം ആണിത് . കോൺഗ്രസ് നേതാവും അംരേലിയിലെ സ്ഥാനാർത്ഥിയുമായ പരേഷ് ധാനാനി വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സൈക്കിളിൽ ഗ്യാസ് സിലിണ്ടറുമായാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്.

സൂറത്തിലെ ബേഗംപുരയിൽ വൈദ്യുതി തടസ്സപ്പെട്ടതോടെ പോളിംഗ് ഇടയ്ക്ക് വച്ച് നിർത്തിവയ്ക്കേണ്ടി വന്നു. കോൺഗ്രസ് നേതാവ് ആസാദ് കല്യാണി ബൂത്തിൽ നിലത്തിരുന്ന് പ്രതിഷേധിച്ചു. വോട്ടെടുപ്പിന് മണിക്കൂറുകൾക്കു മുമ്പ് നവസാരി ജില്ലയിലെ വൻസ്ധ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പീയുഷ് പട്ടേലിന് നേരെ അജ്ഞാത സംഘം ആക്രമണം നടത്തി. അതേസമയം രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അവസാനഘട്ട പ്രചാരണം കൊഴിപ്പിക്കുകയാണ് പാർട്ടികൾ.

Top