ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരം; ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് ജയം

സിഡ്നി: ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് കൂറ്റന്‍ ജയം. 9 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തു കളഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടിയപ്പോള്‍ തകര്‍ത്തടിച്ച ഓസ്‌ട്രേലിയ 41 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 4 വിക്കറ്റ് നേടിയ 18 വയസ്സുകാരി ഡാര്‍സി ബ്രൗണ്‍ ആണ് ഇന്ത്യയെ തകര്‍ത്തത്. ജയത്തോടെ ഏകദിനങ്ങളില്‍ തുടര്‍ച്ചയായ 25 ജയങ്ങള്‍ എന്ന റെക്കോര്‍ഡും ഓസ്‌ട്രേലിയ സ്വന്തമാക്കി.

വേഗത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സ്‌കോര്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഷഫാലി വര്‍മ്മയും സ്മൃതി മന്ദനയും ചേര്‍ന്ന് 31 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഷഫാലി വര്‍മ്മയാണ് (8) ആദ്യം പുറത്തായത്. ഏറെ വൈകാതെ മന്ദനയും (16) മടങ്ങി. മൂന്നാം വിക്കറ്റില്‍ മിതാലി രാജും പുതുമുഖ താരം യസ്തിക ഭാട്ടിയയും ചേര്‍ന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വളരെ സാവധാനത്തിലായിരുന്നു സ്‌കോറിംഗ്. ഇത് ഇന്ത്യക്ക് തിരിച്ചടിയായി.

യസ്തിക (31) മടങ്ങിയതിനു പിന്നാലെ ദീപ്തി ശര്‍മ്മ (9), പൂജ വസ്ട്രാക്കര്‍ (17), സ്‌നേഹ് റാണ (2) എന്നിവര്‍ വേഗം മടങ്ങി. ബാറ്റിംഗ് തകര്‍ച്ചക്കിടെ ഇന്ത്യന്‍ ഇന്നിംഗ്‌സിനെ താങ്ങിനിര്‍ത്തിയ മിതാലി രാജ് (63) മടങ്ങിയതോടെ ഇന്ത്യ തകര്‍ന്നു. അവസാന ഓവറുകളില്‍ റിച്ച ഘോഷും (32), ഝുലന്‍ ഗോസ്വാമിയും (20) ചേര്‍ന്നാണ് ഇന്ത്യയെ 200 കടത്തിയത്. ഡാര്‍സി ബ്രൗണ്‍ ഓസ്‌ട്രേലിയക്കായി 4 വിക്കറ്റ് വീഴ്ത്തി. ഡാര്‍സിയാണ് മത്സരത്തിലെ താരം.

 

Top