ലോകത്തെ ആദ്യ നീരാളി ഫാം സ്‌പെയിനിൽ; പിന്നാലെ എതിർപ്പും

ലോകത്തിലെ ആദ്യത്തെ നീരാളി ഫാം സ്‌പെയിനിലൊരുങ്ങുന്നു. നീരാളികളുടെ വംശത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാം സ്ഥാപിക്കപ്പെടുന്നത്. സ്പാനിഷ് ബഹുരാഷ്ട്ര കമ്പനിയായ ന്യൂവ പെസ്‌കാനോവയായിരിക്കും ഫാം സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കുക. കൃഷി ചെയ്യപ്പെടുന്ന നീരാളികളുടെ വിപണനം 2023 ഓടെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

നീരാളിക്കുഞ്ഞുങ്ങൾ ജീവനുള്ളവയെ മാത്രമേ അകത്താക്കൂ, വളർത്തു മീനുകൾക്ക് നൽകുന്നതുപോലുള്ള കൃത്രിമ ഭക്ഷണം അവ കഴിക്കില്ല. മാത്രവുമല്ല പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഇവ ജീവിക്കൂ. അതിനാൽ തന്നെ പതിറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് നീരാളിയെ വളർത്തലും അവയുടെ പ്രജനനവുമെല്ലാം മനസ്സിലാക്കിയെടുത്തത്. ഇതാണ് നീരാളി ഫാം എന്ന ആശയം ഇത്ര വൈകാൻ കാരണം.

മെക്‌സിക്കോ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ന്യൂവ് പെക്‌സാനോവ കമ്പനി നീരാളി കൃഷിക്കുള്ള കരാര്‍ ഏറ്റെടുത്തത്. കാനറി ദ്വീപിലായിരിക്കും ഫാം പ്രവര്‍ത്തനമാരംഭിക്കുക. സ്പാനിഷ് ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങള്‍ക്ക് അനുസൃതമായിട്ടാണ് ന്യൂവ പെസ്‌കാനോവ എന്ന കമ്പനി രൂപപ്പെട്ടത്.

3,000 ടണ്‍ നീരാളികളെയായിരിക്കും പ്രതിവര്‍ഷം ഫാം ഉത്പാദിപ്പിക്കുക. ഫാം സജീവമാകുന്നതോടെ കടലിൽ നിന്നുള്ള നീരാളിപ്പിടിത്തത്തിൽ കുറവ് വരും. ഇത് നീരാളികള്‍ ഉള്‍പ്പെടുന്ന സമുദ്ര സമ്പത്ത് സംരക്ഷിക്കപ്പെടുന്നതിന് കാരണമാകും. നീരാളികളെ സൂക്ഷിക്കുന്ന ടാങ്കിന്റെ വലിപ്പം, അവരുടെ ഭക്ഷണരീതി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ രഹസ്യമായിരിക്കും. നീരാളികളെ ഏത് സാഹചര്യത്തിലാണ് സംരക്ഷിക്കുന്നതെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഫാമിനെ പ്രതികൂലിച്ച് നിരവധി ഗവേഷകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ധാര്‍മ്മികമായും പാരിസ്ഥിതികമായും നീതികരിക്കപ്പെടാന്‍ കഴിയാത്തതെന്നാണ് വിമര്‍ശനം. കംപാഷന്‍ ഇന്‍ വേള്‍ഡ് ഫാമിങ് (സിഐഡബ്ല്യുഎഫ്) സ്‌പെയിനുള്‍പ്പെടെയുള്ള  രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് പദ്ധതി വിലക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു.

അതീവ ബുദ്ധിശാലികളായ ഇത്തരം ജീവികളെ പരിമിതമായ സാഹചര്യങ്ങളില്‍ സംരക്ഷിക്കുന്നത് ശരിയല്ലെന്നതാണ് എതിർപ്പുകാർ ഉന്നയിക്കുന്ന പ്രധാന വാദം. വലുതും സങ്കീർണ്ണവുമായ തലച്ചോറാണ് നീരാളികള്‍ക്കുള്ളത്. നിരവധി പരീക്ഷണങ്ങളില്‍ ഇവരുടെ ബുദ്ധിസാമര്‍ത്ഥ്യം വെളിവായിട്ടുമുണ്ട്. പലപ്പോഴും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ തേങ്ങകളിലും മറ്റ് തോടുകളിലും ഇവ അഭയം പ്രാപിക്കാറുണ്ട്. പക്ഷേ ഒരേ ടാങ്കില്‍ രണ്ടെണ്ണത്തെ വളര്‍ത്തുന്നത് ആപത്താണെന്നാണ് പറയപ്പെടുന്നത്. ഒരെണ്ണം മറ്റുള്ളതിനെ ശാപ്പിടാനുള്ള സാധ്യതയുള്ളതിനാലാണിത്. എന്നാല്‍ ബുദ്ധിസാമര്‍ത്ഥ്യം മാത്രമല്ല ഇവയെ വേറിട്ടതാക്കുന്നത്.

നീരാളികള്‍ അഥവാ ഒക്ടോപസ്സുകള്‍ സെന്റിനന്റ് ബിയിങ്ങുകളാണ് (വികാര ജീവി). ഇവയ്ക്ക് സന്തോഷം, സങ്കടം എന്നിങ്ങനെയുള്ള വികാരങ്ങള്‍ അനുഭവിക്കാന്‍ കഴിയുമെന്നതിന് ശാസ്ത്രീയമായ അടിത്തറയുണ്ട്. എന്നാല്‍ സമുദ്രജീവികളിൽ നീരാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായത്. പ്രതിവര്‍ഷം 3,50,000 ടണ്‍ നീരാളികളാണ് വേട്ടയാടപ്പെടുന്നത്. 1950 ല്‍ പിടികൂടിയപ്പെട്ടവയുമായി താരതമ്യം ചെയ്യുമ്പോള്‍ പതിന്മടങ്ങ് വരുമിത്. സൗത്ത് കൊറിയയില്‍ ഇവയെ ജീവനോടെ തന്നെ ആഹാരമാക്കാറുണ്ട്. സ്‌പെയിനില്‍ നീരാളി ഫാം വരികയാണെങ്കില്‍ യൂറോപ്യന്‍ നിയമങ്ങളുടെ പരിരക്ഷ ഫാമിനുണ്ടാകുമെങ്കിലും നട്ടെല്ലുള്ള ജീവികള്‍ക്ക് മാത്രമാണ് നിലവില്‍ നിയമങ്ങള്‍ സംരക്ഷണം നല്‍കുക.

നീരാളികള്‍ക്കും മനുഷ്യര്‍ക്കും 56 കോടി (560 മില്ല്യണ്‍) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പൊതു പൂര്‍വ്വികന്‍ ഉണ്ടായിരുന്നുവെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോള്‍ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടേതിന് സമാനമായ ബുദ്ധിശക്തി അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഒരു അന്യഗ്രഹ ജീവിയെ നമ്മള്‍ എപ്പോഴെങ്കിലും നേരിടേണ്ടി വന്നാല്‍ എങ്ങനെയായിരിക്കുമോ അത് പോലെയായിരിക്കും ഇത്. ന്യൂവ പെസ്‌കാനോവ എന്ന സ്ഥാപനത്തിന്റെ ഉദ്ദേശ ശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിലൊരു ഫാം തുടങ്ങുന്നത് പൂര്‍ണമായും ബിസിനസ്സ് താത്പര്യങ്ങള്‍ മൂലമാണെന്നും അല്ലാതെ സമുദ്രങ്ങളിലെ വേട്ടയാടൽ ഇതുമൂലം കുറയില്ലെന്നുമാണ് എതിർപ്പുന്നയിക്കുന്നവർ പറയുന്നത്.

Top