നേപ്പാളിലെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും മത്സരിക്കാം

ലക്‌നൗ: നേപ്പാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇനി മുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും മത്സരിക്കാം.

ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ തരായി മേഖല എന്നറിയപ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

ഏഴുമാസത്തോളം നീണ്ട സമരങ്ങള്‍ക്കൊടുവിലാണ് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവസരമൊരുക്കാന്‍ നേപ്പാള്‍ അധികൃതര്‍ തീരുമാനിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരു രാജ്യക്കാരും പരസ്പരം വിവാഹിതരാകുന്നത് സാധാരണയായി നടക്കുന്നുണ്ട്. നിയമ ഭേദഗതി ഭാവിയില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതിനും അവസരമൊരുക്കും.

അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന ഗോത്ര വിഭാഗക്കാരായ മധേസികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പട്ട് പ്രക്ഷോഭം നടത്തിയത്. റോഡ് തടയലടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ക്കു ശേഷമാണ്‌ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു തീരുമാനമുണ്ടായത്.

രണ്ടു ദശകങ്ങള്‍ക്ക് ശേഷം നേപ്പാളില്‍ ആദ്യമായി വരുന്ന തദ്ദേശതിരഞ്ഞെടുപ്പ് മെയ് 14ന് ശേഷം നടക്കും. അതിനു മുമ്പായി നിയമഭേദഗതി നിലവില്‍ വരും. നേപ്പാള്‍ പ്രസിഡന്റ് ബിന്ദ്യ ദേവി ഭണ്ഡാരി അഞ്ചു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഞായറാഴ്ചയാണ് തീരുമാനമെടുത്തത്.

Top