ലോക്സഭാ തിരഞ്ഞെടുപ്പ്; സംയുക്ത പ്രതിപക്ഷ കക്ഷികളുടെ പ്രഥമ യോഗം ഇന്ന് പട്നയിൽ

ടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള വഴികൾ തേടി പ്രതിപക്ഷ കക്ഷികളുടെ പ്രഥമ സംയുക്ത യോഗം ഇന്ന് രാവിലെ 11ന് ഇവിടെ ചേരും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് 4 മാസം മുൻപാണു പ്രതിപക്ഷം ഇത്തരത്തിലുള്ള ആദ്യയോഗം ചേർന്നതെങ്കിൽ ഇക്കുറി ഒരു വർഷം മുൻപേ ഐക്യം രൂപപ്പെടുത്താനാണു ശ്രമം.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻകയ്യെടുത്ത് വിളിച്ചുചേർത്ത യോഗത്തിൽ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, സിപിഎം, സിപിഐ, ആർജെഡി, ജെഡിയു, എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, പിഡിപി, നാഷനൽ കോൺഫറൻസ്, മുസ്‌ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് (എം) എന്നിവയടക്കം 20 കക്ഷികൾ പങ്കെടുക്കും. ബിഎസ്പി, ബിആർഎസ് എന്നിവ പങ്കെടുക്കില്ല.

അജൻഡ: ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പൊരുതാവുന്ന വിഷയങ്ങൾ കണ്ടെത്തുക. അവയിൽ സ്വീകരിക്കേണ്ട പൊതുനിലപാടു തയാറാക്കാൻ സമിതി രൂപീകരിക്കുക, പ്രതിപക്ഷകക്ഷികളെ ഒന്നിച്ചുനിർത്തുന്നതിനുള്ള പ്രാഥമിക ചർച്ച, പട്ന യോഗത്തിന്റെ തുടർച്ചയായി ഷിംല സമ്മേളനം.
വിവിധ കക്ഷികളുടെ മനസ്സിലിരുപ്പ്

കോൺഗ്രസ്: പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്തിനായി വാശി പിടിക്കില്ല. പക്ഷേ, മറ്റു കക്ഷികൾ ഒതുക്കാൻ നോക്കിയാൽ അനുവദിച്ചുകൊടുക്കുകയുമില്ല. സംസ്ഥാന അടിസ്ഥാനത്തിൽ ഒരു പാർട്ടിയുടെ മാത്രം ആളുകളെ പൊതുസ്ഥാനാർഥിയാക്കുന്നതിനോടു യോജിപ്പില്ല. വിജയസാധ്യത നോക്കി പൊതുസ്ഥാനാർഥിയാകാം. ഭരണം ലഭിച്ചാൽ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി. പക്ഷേ, അക്കാര്യം പരസ്യമായി ഉന്നയിക്കില്ല.

തൃണമൂൽ: ബംഗാളിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയെ തങ്ങൾ നിർത്തും. കോൺഗ്രസ്, സിപിഎം എന്നിവ മത്സരത്തിൽനിന്നു പിൻമാറണം.

സമാജ്‌വാദി പാർട്ടി: യുപിയിൽ മുഖ്യപ്രതിപക്ഷമെന്ന നിലയിൽ ഭൂരിപക്ഷം സീറ്റിലും തങ്ങളുടെ ആളുകളെ പൊതുസ്ഥാനാർഥിയാക്കണം.

ആം ആദ്മി പാർട്ടി: ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിനെതിരെ പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള പിന്തുണ ഉറപ്പാക്കാൻ ശ്രമം.

എൻസിപി: തലമുതിർന്ന നേതാവെന്ന നിലയിൽ ശരദ് പവാർ പ്രധാന റോൾ ആഗ്രഹിക്കുന്നു.

ജെഡിയു: യോഗത്തിന്റെ ആതിഥേയ പാർട്ടി. നിതീഷ് കുമാർ പ്രതിപക്ഷനിരയുടെ കൺവീനർ റോൾ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി സ്ഥാനാർഥിത്വം മോഹിക്കുന്നുണ്ടെങ്കിലും പുറമേ കാണിക്കുന്നില്ല.

ആർജെഡി: നിതീഷിന് ഉറച്ച പിന്തുണ. നിതീഷ് ദേശീയ രാഷ്ട്രീയത്തിലേക്കു മാറിയാൽ ബിഹാർ മുഖ്യമന്ത്രിയാകാമെന്ന് തേജസ്വി യാദവ് കണക്കുകൂട്ടുന്നു.

മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ (കോൺഗ്രസ്), മമത ബാനർജി (തൃണമൂൽ), എം.കെ.സ്റ്റാലിൻ (ഡിഎംകെ), അരവിന്ദ് കേജ്‌രിവാൾ, ഭഗവന്ത് മാൻ (ആം ആദ്മി), ശരദ് പവാർ (എൻസിപി), അഖിലേഷ് യാദവ് (എസ്പി), ഹേമന്ത് സോറൻ (ജെഎംഎം), ഉദ്ധവ് താക്കറെ (ശിവസേന), തേജസ്വി യാദവ് (ആർജെഡി), സീതാറാം യച്ചൂരി (സിപിഎം), ഡി.രാജ (സിപിഐ), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പിഡിപി). അനാരോഗ്യം മൂലം സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുന്ന ലാലു പ്രസാദ് യാദവും (ആർജെഡി) പങ്കെടുത്തേക്കും.

Top