ആക്ഷനും ജീവിതവും ചേര്‍ത്തൊരുക്കി ‘ദ കുങ്ഫു മാസ്റ്റര്‍’;ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത എബ്രിഡ് ഷൈന്റെ പുതിയ ചിത്രം ‘ദ കുങ്ഫു മാസ്റ്റര്‍’ ന്റെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു. നിവിന്‍ പോളി ആണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രം ജനുവരിയില്‍ തീയേറ്ററുകളിലെത്തുന്നതാണ്.

ആക്ഷനും ജീവിതവും ചേര്‍ന്നൊരുങ്ങുന്ന ഒരു ചിത്രമാണ് ‘ദ് കുങ്ഫു മാസ്റ്റര്‍’. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത് ഹിമാലയന്‍ താഴ്വരയില്‍ ആണ്. ഓഡീഷനിലൂടെ കണ്ടെത്തിയ ജിജി സ്‌കറിയ ആണ് നായകനായി എത്തുന്നത്. നായികയായി എത്തുന്നത് പൂമരത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ്.

‘1983 എന്ന ചിത്രം എന്റെ തന്നെ ജീവിതാനുഭവമായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവും പൂമരവും ഞാന്‍ കണ്ട കാഴ്ചകളായിരുന്നു. കുങ്ഫൂ മാസ്റ്റര്‍ പൂര്‍ണമായും ഒരു സിനിമാക്കഥയാണ്. എന്റെ ബാല്യത്തില്‍ക്കണ്ട ജാക്കിച്ചാന്‍, ജെറ്റ്ലി, ബ്രൂസ്ലി സിനിമകളില്‍ നിന്ന് എന്നെ ചാര്‍ജ് ചെയ്യിച്ച ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. ഒട്ടും ഡാര്‍ക്ക് അല്ലാത്ത കാഴ്ചകളിലൂടെ ആസ്വദിക്കാന്‍ പറ്റിയൊരു സിനിമ.’ ചിത്രത്തെക്കുറിച്ച് എബ്രിഡ് ഷൈന്‍ പറഞ്ഞു.

മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ക്യാമറയും കെ.ആര്‍. മിഥുന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫുള്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബു തെക്കുംപുറമാണ് നിര്‍മാതാവ്.

Top