‘അവനോവിലോന’യുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതം പറയുന്ന ചിത്രം ‘അവനോവിലോന’യുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പുറത്തുവിട്ടു. ഷെറി, ടി.ദീപേഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂർ തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്.

എഡ്ഡി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നത്. സുവിശേഷകന്റെ മകനായ എഡ്ഡി നാടുവിടുന്നതും പിന്നീട് തിരിച്ചുവരുന്നതും അതിനുശേഷമുള്ള സംഭവവികാസങ്ങളുമാണ് പ്രമേയം. ആത്മീയ രാജനാണ് നായിക. കണ്ണൂരും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഇരുപതോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഭാഗമാകുന്നുണ്ട്. ടാന്‍സ്‌ജെന്‍ഡര്‍മാരായ റിയ ഇഷ കോസ്റ്റ്യൂംസും മണിക്കുട്ടി മേക്കപ്പും നിര്‍വഹിക്കുന്നു. രവീണ, ലാവണ്യ, കാര്‍ത്തിക, വാണി, ലിജ ലൈജു, കൃഷ്‌ണേന്ദു, സിതാര, സിനി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സംവിധായകരിലൊരാളായ ഷെറിയുടേതാണ് രചന. സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ്-നിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്തോഷ് കീഴാറ്റൂരും ശ്രീമ അനിലും ചേര്‍ന്നാണ് നിര്‍മാണം. ജലീല്‍ ബാദുഷ (ക്യാമറ), ഗോപി സുന്ദര്‍ (പശ്ചാത്തലസംഗീതം), അഖിലേഷ് മോഹന്‍ (എഡിറ്റിങ്), സുനീഷ് വടക്കുമ്പാടന്‍ (ആര്‍ട്ട്), അനീഷ് നമ്പ്യാര്‍ (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top