ആദ്യം ഇന്ത്യന്‍ ദ്വീപുകള്‍ ആസ്വദിക്കാം; ലക്ഷദ്വീപിനെ പിന്തുണച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്ത്

മുംബൈ: പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനു പിന്നാലെ മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ച പോസ്റ്റിനെത്തുടര്‍ന്നുണ്ടായ വിവാദത്തെ പുതിയ തലത്തിലേക്ക്. ലക്ഷദ്വീപിനെ പിന്തുണച്ചും മാലദ്വീപിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായും ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തി. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറാണ് ഈ വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്. മാലദ്വീപില്‍ നിന്നുള്ള പ്രമുഖരായ വ്യക്തികള്‍ ഇന്ത്യക്കാര്‍ക്കെതിരെ വിദ്വേഷകരവും വംശീയവുമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി വിനോദസഞ്ചാരികളെ അയക്കുന്ന ഒരു രാജ്യത്തോടാണ് അവര്‍ ഇത് ചെയ്യുന്നതെന്നത് ആശ്ചര്യകരമാണ്. നമ്മള്‍ നമ്മുടെ അയല്‍ക്കാരോട് നല്ലരീതിയിലാണ്. പക്ഷേ പ്രകോപനമില്ലാത്ത ഇത്തരം വിദ്വേഷം നമ്മള്‍ എന്തിന് സഹിക്കണമെന്ന് അദ്ദേഹം ചോദിച്ചു. താന്‍ പലതവണ മാലദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്, എല്ലായ്‌പ്പോഴും അതിനെ പുകഴ്ത്തിയിട്ടുമുണ്ട്, എന്നാല്‍ അന്തസ്സാണ് ആദ്യം. ഇന്ത്യന്‍ ദ്വീപുകള്‍ പര്യവേക്ഷണം ചെയ്യാനും നമ്മുടെ സ്വന്തം വിനോദസഞ്ചാരമേഖലയെ പിന്തുണയ്ക്കാനും നമുക്ക് തീരുമാനിക്കാമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ലക്ഷദ്വീപിലെ ജനങ്ങളുടെ ആതിഥ്യമര്യാദയേയും മറൈന്‍ ലൈഫിനേക്കുറിച്ചുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ‘അത്ഭുതകരമായ ഇന്ത്യന്‍ ആതിഥ്യമര്യാദ, ‘അതിഥി ദേവോ ഭവ’ എന്ന ആശയം, പര്യവേക്ഷണം ചെയ്യേണ്ടിയിരിക്കുന്ന വിശാലമായ മറൈന്‍ ലൈഫും. ലക്ഷ്വദീപ് പോകേണ്ട സ്ഥലമാണ്,’ എന്ന് നടന്‍ ജോണ്‍ എബ്രഹാമും കുറിച്ചു. ഈ വര്‍ഷം യാത്രപോകാന്‍ എന്തുകൊണ്ട് ഇന്ത്യന്‍ ദ്വീപുകള്‍ തിരഞ്ഞെടുത്തുകൂടാ എന്നാണ് നടി ശ്രദ്ധാ കപൂര്‍ ചോദിക്കുന്നത്. ലക്ഷദ്വീപില്‍ അതിമനോഹരമായ ബീച്ചുകളും തീരപ്രദേശങ്ങളും ഉണ്ട്. പ്രാദേശിക സംസ്‌കാരം അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും ശ്രദ്ധ എക്‌സില്‍ കുറിച്ചു. ലക്ഷദ്വീപിന്റെ മനോഹരമായ ഏതാനും ചിത്രങ്ങളും ശ്രദ്ധ കുറിപ്പിനൊപ്പം പങ്കുവെച്ചു. സൂപ്പര്‍താരം സല്‍മാന്‍ ഖാനും ലക്ഷദ്വീപിന്റെ സൗന്ദര്യത്തെ ആവോളം പുകഴ്ത്തിയിരിക്കുകയാണ്. ”നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രഭായി മോദിയെ ലക്ഷദ്വീപിലെ മനോഹരമായ വൃത്തിയുള്ളതും അതിശയകരവുമായ ബീച്ചുകളില്‍ കാണുന്നത് വളരെ രസകരമാണ്, ഏറ്റവും നല്ല ഭാഗം ഇത് നമ്മുടെ ഇന്ത്യയില്‍ ആണെന്നതാണ്.” അദ്ദേഹം എഴുതി.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പരിഹാസവുമായി മാലദ്വീപ് ഭരണകക്ഷി അംഗം രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് വന്‍തോതിലുള്ള തര്‍ക്കങ്ങളും സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാലദ്വീപ് മന്ത്രിയുടെ പ്രതികരണവും.

Top