വളയിട്ട കൈകൾ വളയം മുറുകുമ്പോൾ; വേറിട്ട ഒരു തൊഴിലുമായി പാക്കിസ്ഥാൻ വനിത

നിനക്കു ചുരുങ്ങിയത് ക്ലച്ചും ബ്രേക്കും എങ്കിലും തിരിച്ചറിയാമോ? വണ്ടിക്ക് എത്ര മൈലേജ് ഉണ്ടെന്നും എൻജിനിൽ എന്തെങ്കിലും കുഴപ്പം വന്നാൽ അത് ഒന്ന് മനസിലാക്കാൻ എങ്കിലും കഴിയുമോ?” ഈ ചോദ്യങ്ങൾ ഒക്കെ ചുണയുണ്ടെങ്കിൽ ഈ സ്ത്രീയോട് ഒന്ന് ചോദിക്കൂ. അവരുടെ മറുപടികൾക്കും പ്രവർത്തികൾക്കും മുമ്പിൽ നിങ്ങളുടെ മുട്ട് വിറച്ചു പോകും.

24-കാരിയായ ഈ പാക്കിസ്ഥാൻ വനിത ഒരു കാർ മെക്കാനിക്കാണ്. ഉസ്മാ നവാസാണ് ലോകത്തിലെ ആദ്യത്തെ വനിതാ കാർ മെക്കാനിക്. സ്ത്രീകൾക്ക് ഒരുപക്ഷേ സ്വപ്നം കാണാൻപോലും സാധിക്കാത്ത ഈ മേഖലയിലേക്ക് കടന്നു വന്നു അവിടെ ആർജ്ജവത്തോടെയും പ്രവർത്തനക്ഷമതതയോടെയും ജോലി ചെയ്തു ചരിത്രം മാറ്റി കുറിക്കുകയാണ് ഈ വനിത. ഉസ്മാ നവാസിന്റെ വ്യത്യസ്തമായ ജീവിതത്തിലൂടെ:

പുരുഷാധിപത്യത്തിന്റെ വേലികെട്ടുകൾ തകർത്ത് മുൻപോട്ട്

ലിംഗ അസമത്വങ്ങളും അനീതികളും ഒക്കെ നില നിൽക്കുന്ന ഒരു സമൂഹത്തിൽ തനിക്ക് മെക്കാനിക്കൽ എഞ്ചിനീറിങ് പഠിക്കണം എന്ന് പറയുന്നത് തന്നെ ഒരു വലിയ കാര്യമാണ്. ആൺകുട്ടികൾ മാത്രം പഠിക്കുന്ന, കൈയ്യടക്കി വെച്ചിരിക്കുന്ന ഈ മേഖലയിലേക്ക് കടന്നു ചെല്ലണം എന്ന് പറയുന്നത് തന്നെ ഒരു വലിയ നീക്കമായിരുന്നു. ഇടയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും ചില പ്രതിസന്ധികളും ഒക്കെ വന്നെങ്കിലും ഉസ്മാ അത് കാര്യമാക്കിയില്ല. അവൾ മുന്നോട്ട് തന്നെ നീങ്ങി. ഉസ്മാ ഇപ്പോൾ മുൾട്ടാൻ നഗരത്തിൽ ഉള്ള ഒരു ഓട്ടോ റിപ്പയർ ഗ്യാരേജിലെ ജീവനക്കാരനാണ്. ‘സമൂഹത്തിലെ പൊതു ബോധത്തിലെ ചില അനീതികളെ അടർത്തി മാറ്റാൻ ഉള്ള ഒരു അവസരമായിയാണ് ഞാൻ ഇതിനെ സ്വീകരിച്ചത്. ഞാൻ ഇത്തരം ഒരു ജോലി ചെയ്യുന്നത് പലരെയും അതിശയിപ്പിച്ചിരുന്നു.

പ്രതിസന്ധികളിൽ തളരാതെ

ഈ ലോകം സ്വപ്നം കാണുന്നവന് മാത്രം ഉള്ളതാണെന്ന കവി വാക്യം ഒരിക്കലും തെറ്റല്ല. സ്വപ്നം കാണുന്നവനും, ആ സ്വപ്നത്തിനായി പ്രതിസന്ധികളെ തരണം ചെയ്‌ത്‌ മുന്നോട്ട് നീങ്ങുന്നവർക്കും മാത്രം അവകാശപ്പെട്ടതാണ് ഈ ഭൂമി. അവസരങ്ങൾ തനിക്ക് അരികിലേക്ക് വരട്ടെ എന്ന് ആശ്വസിക്കാതെ, ആ അവസരങ്ങൾക്കായി അഹോരാർത്ഥം പരിശ്രമിക്കുകയും അവയെ നേടിയെടുക്കുകയും ചെയ്തവർ മാത്രമേ ജയിച്ച ചരിത്രം ഉള്ളു.

കിഴക്കൻ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ദുന്യാപുർ എന്ന ചെറിയ നഗരത്തിൽ നിന്ന് എത്തിയ ഉസ്മയുടെ ഈ വേറിട്ട പാത ലോകത്തിന് തന്നെ ഒരു മാതൃകയാണ്. പാക്കിസ്ഥാൻ പോലെയുള്ള ഒരു പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ, പ്രത്യേകിച്ചും അവിടുത്തെ അത്രയും ചെറിയ ഒരു ഗ്രാമത്തിൽ നിന്നും ഇത്തരത്തിൽ വിഭിന്നമായ ഒരു പാതയും ജീവിതവും തിരഞ്ഞെടുക്കുക എന്ന് പറയുന്നത് തന്നെ ഒരു ചെറിയ കാര്യമല്ല. പെൺകുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിച്ചു അയക്കുകയും അടുക്കളയിലും കുടുംബത്തിലും മാത്രമായി അവരുടെ ഭാവി ചുരുങ്ങി പോകുന്ന ഒരു സമൂഹത്തിൽ നിന്നും സ്ത്രീകൾ ഇന്നേ വരെ കൈ വെച്ചിട്ടില്ലാത്ത മേഖലയിലേക്ക് എത്തുക എന്നത് പ്രശംസനീയം തന്നെയാണ്. ഏറെ പ്രതിസന്ധികൾ കടന്നാണ് ഉസ്മാ ഡിഗ്രി പഠനം പൂർത്തീകരിച്ചത്. തനിക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ ഉപയോഗപ്പെടുത്തിയും ചില ദിവസങ്ങളിൽ ഭക്ഷണം കഴിക്കാതെ ആ പണം സ്വരുക്കൂട്ടിയും ഒക്കെ അവൾ തന്റെ സ്വപ്നങ്ങളിലേക്ക് നടന്നടുത്തു.

ജീവിതത്തിലെ ഒരു പ്രതിസന്ധിയും തന്നെ, തന്റെ ലക്ഷ്യത്തിൽ നിന്നും ശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കില്ല എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ഉസ്മാ ജോലി ആരംഭിച്ചിട്ട് ഏതാണ്ട് ഒരു വർഷം ആകുന്നതേ ഉള്ളു. പക്ഷേ പ്രാവീണ്യം നേടിയ ഒരു മെക്കാനിക്കിന്റെ പാടവം അവളുടെ തൊഴിലിൽ കാണാൻ സാധിക്കുന്നുണ്ട്. ടയറുകൾ നിഷ്പ്രയാസം എടുത്തു ഉയർത്തിയും അവ ഭാരമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ശരിപ്പെടുത്തി യഥാസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്യുന്ന ഈ ചുണകുട്ടിയുടെ കഴിവ് കണ്ടാൽ ആരും ഒന്ന് നോക്കി നിന്നു പോകും!

“ഞങ്ങളിൽ ഒരാൾ അല്ല ഉസ്മാ എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. അത്രയും ആത്മാർഥതയോടെയും പ്രാവീണ്യത്തോടെയുമാണ് അവർ ജോലികൾ ചെയ്യുന്നത്,” ഉസ്മായുടെ സഹ പ്രവർത്തകനായ എം. അതൗള്ളാഹ് രേഖപ്പെടുത്തി.

“പെൺകുട്ടികൾ വാഹനങ്ങളുടെ ജോലിയിൽ ഏർപ്പെടേണ്ട ആവശ്യകത നമ്മുടെ രാജ്യത്ത് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷേ അത് അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ്. അവൾക്ക് യോജിച്ചത് അവൾ തിരഞ്ഞെടുത്തു,” ഉസ്മായുടെ പിതാവ് മുഹമ്മദ് നവാസ് രേഖപ്പെടുത്തി. ലോകത്ത് പുരുഷ മേധാവിത്തം ഈ 20-ാം നൂറ്റാണ്ടിലും നില നിൽക്കുന്നു എന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയില്ല. ചെറിയ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ധൈര്യപൂർവം തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നവർക്ക് നീതി ലഭിക്കുന്നു എന്നതിൽ ഉപരി, അത്ര കൊണ്ടൊന്നും തുല്യത നാം നേടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറെ വ്യത്യസ്തമായ ഒരു തൊഴിൽ അനായാസേന ഈ വനിത കൈകാര്യം ചെയ്യുന്നത്.

Top