തീവ്രവാദികളെപ്പോലും കത്തിച്ച് കളയും ഇന്ത്യയുടെ പുതിയ പെണ്‍കരുത്ത്

ന്യൂഡല്‍ഹി : പെണ്‍കരുത്തിന്റെ പുതിയ ചരിത്രമെഴുതി ഡല്‍ഹി പൊലീസ്. ബോംബ് നിര്‍വ്വീര്യമാക്കുന്നത് തുടങ്ങി ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ വരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യയുടെ മിടുക്കികള്‍ എന്ന് തെളിയിക്കുകയാണ് ആദ്യ വനിതാ കമാന്‍ഡോ സംഘത്തിലൂടെ ഡല്‍ഹി പൊലീസ്. വെള്ളിയാഴ്ച മുതല്‍ പുതിയ സംഘം പ്രവര്‍ത്തനം ആരംഭിച്ചു.

ഒരു മാസം നീണ്ട അതി കഠിനമായ പരിശീലനത്തിന് ശേഷമാണ് 36 അംഗ സംഘം വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് ചുവട് വയ്ക്കുന്നത്. ഇസ്രയേലി സേനയുടെ സ്വയം പ്രതിരോധ വിദ്യയായ ക്രാവ് മാഗായില്‍ വരെ നിപുണരാണ് സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്റ് ടാക്റ്റിക്‌സ് (സ്വാറ്റ്) എന്ന വനിതാ കമാന്‍ഡോ സംഘം.

ഡല്‍ഹിയില്‍ പുരുഷ കമാന്‍ഡോകള്‍ക്കൊപ്പം തന്നെയാകും ഇവര്‍ ആദ്യം സേവനമനുഷ്ഠിക്കുക. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങള്‍ നോക്കാനും ഈ പെണ്‍പുലികളുണ്ടാകും.

‘പുരുഷന്മാര്‍ക്ക് മാത്രമാണ്ചില കാര്യങ്ങള്‍ ചെയ്യാനാവുക എന്ന ബോധം നമ്മുടെ സമൂഹത്തിനുണ്ട്. അത് തിരുത്തുക കൂടിയാണ് വനിതാ കമാന്‍ഡോ ബറ്റാലിയന്റെ ലക്ഷ്യം. ഒരു പക്ഷേ സേനയിലെ സമര്‍ത്ഥരായ പുരുഷ കമാന്‍ഡോകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ വനിതാ സംഘത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്’ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രമോദ് ഖുഷ്വഹ വ്യക്തമാക്കി.

Top