ആദ്യമായി ഒരു ഇന്ത്യന്‍ സിനിമ കോമിക്-കോണില്‍;’പ്രൊജക്റ്റ് കെ’

ഹൈദരാബാദ്: നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം പ്രൊജക്ട് കെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായി മാറുകയാണ്. സാന്‍ ഡിയേഗോയില്‍ അരങ്ങേറുന്ന കോമിക് ഫെസ്റ്റിവലായ കോമിക്-കോണ്‍ 2023ല്‍ അരങ്ങേറി ചരിത്രം സൃഷ്ടിച്ചുകൊണ്ട് വൈജയന്തി മൂവീസിന്റെ ‘പ്രൊജക്റ്റ് കെ’.ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചലച്ചിത്രം കോമിക്-കോണില്‍ അരങ്ങേറുന്നത്. ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ളതെന്നു പറയപ്പെടുന്ന ചിത്രം കോമിക്-കോണിന്റെ ഭാഗമാവുന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സുകളില്‍ കൂടുതല്‍ കൗതുകമുണര്‍ത്തുന്നുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലാണ് സയന്‍സ് ഫിക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. 600 കോടിയോളമാണ് ഈ ചിത്രത്തിന്റെ ആകെ ചിലവ് കണക്കാക്കുന്നത്. ഒരു ഹോളിവുഡ് സിനിമയുടേത് പോലെയുള്ള പ്രീ-പ്രൊഡക്ഷനും ഷൂട്ടിംഗുമാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം.

സൂപ്പര്‍ ഹീറോയായി പ്രഭാസിന്റെ കഥാപാത്രത്തിന്റെ കാര്‍ട്ടൂണ്‍ പതിപ്പാണ് കോമിക് കോണ്‍ പോസ്റ്ററായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ഇറക്കിയിരിക്കുന്നത്. വൈജയന്തി മൂവീസ് കോമിക് കോണില്‍ പ്രൊജക്ട് കെ പരിചയപ്പെടുത്തും. ചിത്രത്തിന്റെ ടൈറ്റില്‍, ട്രെയിലര്‍, റിലീസ് തീയതി എന്നിവ നിര്‍മ്മാതാക്കള്‍ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പ്രധാന അഭിനേതാക്കളോടൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിനും പങ്കെടുക്കും.

Top