‘ആദ്യം ഇന്ത്യ’ എന്ന സമീപനം; ഇന്ത്യയുടെ തന്ത്രപ്രധാന സുരക്ഷ അപകടത്തിലാക്കുന്നത് ചെയ്യിലെന്ന് ശ്രീലങ്ക

കൊളംബോ: ഇന്ത്യയുടെ തന്ത്രപ്രധാന സുരക്ഷാ താല്‍പര്യങ്ങള്‍ അപകടത്തിലാക്കുന്ന യാതൊന്നും ചെയ്യില്ലെന്ന് വാക്ക് പറഞ്ഞ് ശ്രീലങ്ക. ‘ആദ്യം ഇന്ത്യ’ എന്ന സമീപനമാവും തങ്ങള്‍ സ്വീകരിക്കുകയെന്നും ശ്രീലങ്ക വ്യക്തമാക്കി. ശ്രീലങ്കയില്‍ ചൈനീസ് സ്വാധീനം വര്‍ധിക്കുന്നുവെന്ന ആശങ്ക നിലനില്‍ക്കെയാണ് ഇന്ത്യക്ക് അനുകലമായ വിദേശനയം പ്രഖ്യാപിച്ച് ലങ്കന്‍ വിദേശകാര്യ സെക്രട്ടറി അഡ്മിറല്‍ ജയനാഥ് കൊളംബഗെ രംഗത്തുവന്നത്.

ഓഗസ്റ്റ് 14നാണ് പ്രസിഡന്റ് ഗോതാബയ രജപക്സെ അഡ്മിറല്‍ കൊളംബഗെയെ വിദേശകാര്യ വകുപ്പിന്റെ തലപ്പത്ത് നിയമിക്കുന്നത്. സൈനിക പശ്ചാത്തലമുള്ള ഒരാള്‍ ശ്രീലങ്കയില്‍ വിദേശകാര്യ സെക്രട്ടറിയായി നിയമിതനാകുന്നത് ആദ്യമായാണ്. 2012-14 കാലയളവില്‍ നാവികസേനാ മേധാവിയായിരുന്നു കൊളംബഗെ.

പിന്നീട് രാജ്യത്തെ ചൈനീസ് സംരംഭങ്ങളുടെയും മറ്റും നയരൂപീകരണം വിശകലനം ചെയ്യുന്ന ചുമതല വഹിച്ചിരുന്നു. ചുമതലയേറ്റ ശേഷം ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കൊളംബഗെ ഇന്ത്യ അനുകൂല വിദേശനയം അറിയിച്ചത്. ‘ഇന്ത്യയുടെ സുരക്ഷയ്ക്ക് വിഘാതമാകുന്ന യാതൊരു നടപടിയും ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ചൈന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ്. ഇന്ത്യ ആറാമത്തെയും.

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതായത് രണ്ട് സാമ്പത്തിക വമ്പന്മാര്‍ക്കിടയിലാണ് ശ്രീലങ്കയുള്ളത്. മറ്റൊരു രാജ്യത്തിന് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കേന്ദ്രമായി ശ്രീലങ്കയെ ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കില്ല’- കൊളംബഗെ പറഞ്ഞു. ഹമ്പന്‍തോട്ട തുറമുഖത്തെ ചൈനീസ് നിക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം ഇന്ത്യയെയാണു സമീപിച്ചതെന്നും അവര്‍ വിമുഖത കാട്ടിയതുകൊണ്ടാണ് ചൈനീസ് കമ്പനി വന്നതെന്നും കൊളംബഗെ അറിയിച്ചു.

Top