കോപ്പ അമേരിക്കയില്‍ ആദ്യ ഫൈനലിസ്റ്റുകെള നാളെ അറിയാം

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ആദ്യ ഫൈനലിസ്റ്റുകെള നാളെ അറിയാം. നിലവിലെ ചാംപ്യന്മാരായ ബ്രസീല്‍ പുലര്‍ച്ചെ നാലരയ്ക്ക്‌ നടക്കുന്ന മത്സരത്തില്‍ പെറുവിനെ നേരിടും. മുന്‍ ചാംപ്യന്മാരായ ചിലെയെ ലൂകാസ് പക്വേറ്റയുടെ ഒരു ഗോളിന് മറികടന്നാണ് ബ്രസീല്‍ അവസാന നാലില്‍ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെ നാല് ഗോളിന് തകര്‍ത്ത ആത്മവിശ്വാസവുമായാണ് ബ്രസീല്‍ ഇറങ്ങുക.

അലക്സ് സാന്ദ്രോ, നെയ്മര്‍, എവര്‍ട്ടന്‍ റിബെയ്റോ, റിച്ചാര്‍ലിസണ്‍ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. ബ്രസീല്‍ ചാംപ്യന്മാരായ 2019ലെ ഫൈനലില്‍ പെറുവായിരുന്നു എതിരാളികള്‍. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ഈ മികവ് ആവര്‍ത്തിക്കാന്‍ ടിറ്റെയുടെ ബ്രസീല്‍ ശ്രമിക്കുക.

4-2-3-1 ഫോര്‍മേഷനിലാണ് ബ്രസീലിന്റെ ജെത്രയാത്ര. നെയ്മറും റിച്ചാര്‍ലിസണും കാസിമിറോയും ഫ്രെഡുമെല്ലാം പതിവ് ഫോമിലേക്കുയര്‍ന്നാല്‍ പെറു ഗോളിക്ക് വിശ്രമിക്കാന്‍ നേരമുണ്ടാവില്ല. ക്വാര്‍ട്ടറില്‍ ചുവപ്പുകാര്‍ഡ് കണ്ട ഗബ്രിയേല്‍ ജെസ്യൂസിന് പകരം റോബര്‍ട്ടോ ഫിര്‍മിനോ ടീമിലെത്തും.

പരാഗ്വേയെ ഷൂട്ടൌട്ടില്‍ മറികടന്നാണ് പെറു സെമിയിലെത്തിയത്. അഞ്ച് കളിയില്‍ ബ്രസീല്‍ 11 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് രണ്ടുഗോള്‍ മാത്രം. എട്ട് ഗോള്‍ നേടിയ പെറു പത്ത് ഗോള്‍ തിരിച്ചുവാങ്ങി. ബ്രസീലും പെറുവും ഏറ്റുമുട്ടുന്ന അന്‍പതാം മത്സരമാണിത്. നേര്‍ക്കുനേര്‍ കണക്കില്‍ ബ്രസീലിന് വ്യക്തമായ ആധിപത്യം.35 കളിയിലും ബ്രസീല്‍ ജയിച്ചു. പെറു ജയിച്ചത് അഞ്ച് കളിയില്‍ മാത്രം. ഒന്‍പത് മത്സരം സമനിലയില്‍ അവസാനിച്ചു.

കോപ്പ അമേരിക്കയുടെ രണ്ടാം സെമിയില്‍ അര്‍ജന്റീന കൊളംബിയയെ നേരിടും. ബുധാനാഴ്ച രാവിലെ ആറരയ്ക്കാണ് കളി തുടങ്ങുക. ക്വാര്‍ട്ടറില്‍ അര്‍ജന്റീന, ഇക്വഡോറിനെ തകര്‍ക്കുകയായിരുന്നു. കൊളംബിയ, പരാഗ്വേയെ മറികടന്നാണ് അവസാന നാലിലെത്തിയത്. കഴിഞ്ഞ മാസം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍, കൊളംബിയയും അര്‍ജന്റീനയും രണ്ടുഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.

 

Top