സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സിനേഷന്‍ 90% കടന്നുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 90 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു. അഞ്ച് ജില്ലകളില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 100 ശതമാനത്തിനടുത്തെത്തി. സംസ്ഥാനത്തെ ഒരു കോടിയില്‍ അധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ഒന്നാം ഡോസ് രണ്ടു കോടി 39 ലക്ഷത്തോളം പേര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വാക്‌സിന്‍ എടുക്കുന്നതില്‍ ആരും വിമുഖത കാണിക്കരുത്. നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണം. കൊവിഡ് മരണങ്ങള്‍ കൂടുതല്‍ വാക്‌സിന്‍ എടുക്കാത്തവരിലാണ്. രണ്ടാം തരംഗം തീവ്രത കടന്നു നില്‍ക്കുന്നതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. കൂടിച്ചേരലുകളും പൊതു പരിപാടികളും ഒഴിവാക്കണം. സാമൂഹിക പ്രതിരോധം തീര്‍ക്കുന്നതില്‍ മികച്ച നേട്ടമാണ് കൈവരിക്കാനായത്. ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ടിപിആര്‍ ഒഴിവാക്കിയത് വിദഗ്ധ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നടത്തിയ സിറോ സര്‍വ്വേ ഫലം ഉടന്‍ ലഭിക്കുമെന്നും സര്‍വേഫലം അടിസ്ഥാനമാക്കി സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Top