അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്; വിചാരണ ഇന്ന് തുടങ്ങും, എവിടെ ആ രണ്ടു പേര്‍ ?

കൊച്ചി: അഭിമന്യു രക്തസാക്ഷിയായിട്ട് ഇന്ന് ഒരു വര്‍ഷം. ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് കൊലക്കേസിന്റെ വിചാരണയ്ക്കും എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ തുടക്കമാകും.

16 പ്രതികളുള്ള കേസില്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രധാന പ്രതിയടക്കം രണ്ട് പ്രതികളെ പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ആണ് ഒന്നാം പ്രതി. മുഹമ്മദ് ഗൂാഢലോചന നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് കുറ്റപത്രം. ആകെ 16 പ്രതികളുള്ള കേസില്‍ 10 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പിടിയിലാകാനുള്ള പ്രധാന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 14 പ്രതികളുടെ വിചാരണ നടപടികള്‍ ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ തുടങ്ങും.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ അഭിമന്യു കോളേജിന് പിന്‍ഭാഗത്തെ റോഡിന് സമീപം കുത്തേറ്റ് വീണത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്‌ഐയുടെ ചുവരെഴുത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു കൊലപാതകം. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്പസില്‍ ഒരു വിദ്യാര്‍ഥി രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് വലിയ കോളിളക്കം ഉണ്ടാക്കി. 16 പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹല്‍, സുഹൃത്ത് അര്‍ജുനിനെ കുത്തി പരുക്കേല്‍പ്പിച്ച ഷഹീം എന്നീ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Top