മത്സ്യ തൊഴിലാളികള്‍ക്ക് ആദ്യ ദിനം തന്നെ നിരാശ; മത്സ്യത്തിന്റെ ലഭ്യതയില്‍ കുറവെന്ന്…

കൊല്ലം: ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യ ബന്ധനത്തിനായി തിരിച്ച തൊഴിലാളികള്‍ക്ക് ആദ്യ ദിവസം തന്നെ നിരാശ. മണിക്കൂറുകളോളം വലയെറിഞ്ഞിട്ടും മീനിന്റെ ലഭ്യത കുറഞ്ഞതോടെ ബോട്ടുകള്‍ തീരത്തേക്ക് മടങ്ങി.

കാലാവസ്ഥയിലുണ്ടായ മാറ്റമാണ് മത്സ്യം കുറയാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ട്രോളിങ് നിരോധനത്തിന്റെ 52 ദിവസങ്ങള്‍ക്ക് ശേഷമാണ് ഏറെ പ്രതീക്ഷയോടെ മത്സ്യ തൊഴിലാളികള്‍ കടലിലെത്തിയത്. എന്നാല്‍ നിരാശയായിരുന്നു ഫലം.

ട്രോളിങ് നിരോധനത്തിന് ശേഷം ആദ്യ ദിനം ലഭിക്കാറുള്ള മത്സ്യം ഇക്കുറി ലഭിച്ചില്ല. കിളിമീനും കണവയുമൊക്കെ ലഭിക്കുന്ന സ്ഥാനത്ത് കൊല്ലം ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത് ചെമ്മീന്‍ ഇനത്തില്‍ പെടുന്ന കരിക്കാടി മത്സ്യം മാത്രമാണ്. വരും ദിവസങ്ങളില്‍ കടല്‍ കനിയുമെന്നും ചാകര വരുമെന്നുമാണ് തൊഴിലാളികളുടെ പ്രതീക്ഷ.

Top