മഹാരാഷ്ട്രയില്‍ പ്ലാസ്മാ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി പ്ലാസ്മാ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയില്‍ ചികിത്സിലായിരുന്ന 53 വയസുകാരനാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നതായിരുന്നു ഇദ്ദേഹത്തെ.

അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 583 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 10498 ആയി. 24 മണിക്കൂറിനിടെ 27 പേര്‍ മരിച്ചു. ഒടുവില്‍ വന്ന സംസ്ഥാനത്തിന്റെ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് ആകെ മരണ സംഖ്യ 459 ആയി. ഇതുവരെ 1773 പേര്‍ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ധാരാവിയില്‍ 25 പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 369 ആയി. ഗുജറാത്തില്‍ ഇന്നലെ 313 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4395 ആയി. 24 മണിക്കൂറിനിടെ 17 പേര്‍ മരിച്ചു. 214 പേരാണ് ഗുജറാത്തില്‍ ഇതുവരെ മരിച്ചത്.

Top