മഹാരാഷ്ട്രയില്‍ ആദ്യ കോവിഡ് ഡെല്‍റ്റ പ്ലസ് മരണം സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രത്‌നഗിരി ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ആദ്യ ഡെല്‍റ്റ പ്ലസ് മരണം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യമരണം മധ്യപ്രദേശിലായിരുന്നു.

രത്‌നഗിരിയിലെ സംഗമേശ്വര്‍ പ്രദേശത്ത് നിന്നുള്ള 80കാരനാണ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തെ വാര്‍ധക്യ സഹജമായ മറ്റ് അസുഖങ്ങളും അലട്ടിയിരുന്നതായി അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഇതുവരെ 21 പേര്‍ക്കാണ് കോറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചത്. ശേഷിക്കുന്ന 20 രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കാനും സൂക്ഷ്മമായി നിരീക്ഷിക്കാനുമാണ് അധികൃതരുടെ ശ്രമം.

Top