ന്യൂസീലന്‍ഡില്‍ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം

ന്യൂസീലന്‍ഡില്‍ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം. ഒരു കൊവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകള്‍ വീണ്ടും വര്‍ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വര്‍ഷത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. 90കളിലുള്ള ഒരു വയോധികയാണ് മരണപ്പെട്ടത്. ഓക്ക്ലന്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു മരണം. ഇതുവരെ ആകെ 27 പേരാണ് കൊവിഡ് ബാധിച്ച് ന്യൂസീലന്‍ഡില്‍ മരണപ്പെട്ടത്.

കൊവിഡ് ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ ന്യൂസീലന്‍ഡില്‍ പടരുന്നത്. 782 കേസുകള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഓക്ക്ലന്‍ഡിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6 മാസക്കാലമായി ഒരു കൊവിഡ് കേസ് പോലും ന്യൂസീലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലാണ്.

മുന്‍പ് കൊവിഡ് ബാധ പിടിച്ചുകെട്ടിയതുപോലെ എളുപ്പമല്ല ഡെല്‍റ്റ വകഭേദമെന്ന് മന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. വൈറസ് ബാധയുടെ വേഗവും തീവ്രതയും വളരെ അധികമാണ്. മുന്‍പ് കൊവിഡിനെ നിയന്ത്രിച്ചതുപോലെ ഇപ്പോള്‍ നിയന്ത്രിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഡെല്‍റ്റ കാര്യങ്ങളെല്ലാം തകിടംമറിച്ചു. ഞങ്ങളുടെ തയ്യാറെടുപ്പുകളൊക്കെ പോരാതായിരിക്കുന്നു. ഭാവി പദ്ധതികളെപ്പറ്റി കൂടുതല്‍ നല്ല രീതിയില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

 

Top