കൊറോണ പൊട്ടിപ്പുറപ്പെട്ടത് വുഹാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നല്ല! മറ്റെവിടെയോ ?

കൊറോണാ വൈറസ് രോഗബാധ പൊട്ടിപ്പുറപ്പെട്ടത് വുഹാനിലെ ഭക്ഷ്യവിപണിയില്‍ നിന്നാണെന്നാണ് ചൈനീസ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആദ്യത്തെ കൊറോണാ വൈറസ് രോഗിക്ക് വുഹാന്‍ മാര്‍ക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നാണ് കണ്ടെത്തല്‍. കിടപ്പിലായ ഒരു പ്രായമേറിയ വ്യക്തിയാണ് പുതിയ കൊറോണ പിടികൂടിയ ആദ്യത്തെ രോഗി.

ബിബിസിയാണ് ആദ്യത്തെ രോഗിക്ക് വുഹാന്‍ വിപണിയില്‍ നിന്നല്ല വൈറസ് ബാധയേറ്റതെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ മാരകമായ വൈറസ് മറ്റ് ശ്രോതസ്സുകളിലൂടെയാണ് മനുഷ്യരിലേക്ക് എത്തിയതെന്ന വാദത്തിന് ശക്തിയേറുകയാണ്. ദുരൂഹമായ വൈറസ് ചൈനീസ് സര്‍ക്കാരിന്റെ വൈറല്‍ ലാബില്‍ നിന്നാണ് പുറത്തുവന്നതെന്ന വാര്‍ത്ത ചൈനീസ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്.

എന്നാല്‍ ഈ ആരോപണം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് നിഷേധിച്ചിട്ടുണ്ട്. വെറും അഭ്യൂഹങ്ങള്‍ മാത്രമാണ് ഈ വാര്‍ത്തകളെന്നും ഇതിന് അടിസ്ഥാനമില്ലെന്നുമാണ് ചൈനീസ് അധികൃതരുടെ വാദം. വുഹാനിലെ ഹുനാന്‍ സീഫുഡ് ഹോള്‍സെയില്‍ മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് ബീജിംഗിന്റെ വിദഗ്ധര്‍ അവകാശപ്പെടുന്നത്. ഭക്ഷണമായി വിപണിയില്‍ നിന്നും വില്‍ക്കുന്ന വന്യജീവികളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഇവര്‍ വിശ്വസിക്കുന്നു.

രണ്ടായിരത്തിലേറെ പേരുടെ മരണത്തില്‍ കലാശിച്ച വൈറസ് ആദ്യമായി ഒരു രോഗിയെ ബാധിച്ചത് ഡിസംബര്‍ 8നാണെന്ന് വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ പറയുന്നു. ഇതുള്‍പ്പെടെയുള്ള കേസുകള്‍ ഭക്ഷ്യമാര്‍ക്കറ്റുമായി ബന്ധപ്പെടുത്തി. എന്നാല്‍ ഡിസംബര്‍ 1ന് തന്നെ ആദ്യത്തെ രോഗിക്ക് കൊറോണ പിടിപെട്ടതായി ബിബിസി വ്യക്തമാക്കുന്നു. സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലായ 70കാരനാണ് ഈ വ്യക്തി. ഇദ്ദേഹത്തിന് ഭക്ഷ്യവിപണിയുമായി ബന്ധമില്ലെന്ന് വുഹാന്‍ ജിന്‍യിതാന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ വ്യക്തമാക്കി.

Top