കളമശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

കളമശ്ശേരി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മതവിദ്വേഷം വളര്‍ത്തിയതിന് റിവ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പത്തനംതിട്ടയില്‍ കേസ് എടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. റിവ തോളൂര്‍ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിരീക്ഷിച്ച് വരുകയാണ് പൊലീസ്.

കളമശേരി സ്‌ഫോടനക്കേസിലെ പ്രതി മാര്‍ട്ടിന്‍ തന്നെയെന്ന് ഉറപ്പിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. എന്‍എസ്ജി സംഘം കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുവാണ്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടും സമാനമാണ്. ഇന്നലെ രാത്രിയും ഇവിടെ പരിശോധന നടത്തിയിരുന്നു. ഫോറെന്‍സിക്ക് വിഭാഗവും, പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. ഐഇഡി പരിശീലനം ലഭിച്ചോയെന്നറിയാന്‍ പൊലീസ് ഇന്ന് വിശദമായി പ്രതിയെ ചോദ്യം ചെയ്യും.

സാമൂഹികമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Top