തായ്‌ ഗുഹയിലെ കറുത്ത നാളുകള്‍ക്ക് വിരാമം ; ആറു കുട്ടികള്‍ രക്ഷാ തീരത്ത്‌

തായ്‌ലന്‍ഡ്: രണ്ടാഴ്ചയോളമായി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കെ, തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ ആറു പേരെ രക്ഷപ്പെടുത്തി.

നാലു കുട്ടികളെ ഗുഹയില്‍ നിന്നു പുറത്തെത്തിച്ചതായും, രണ്ടു പേര്‍ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയതായും തായ്‌ നേതൃത്വം പറഞ്ഞു.

ശേഷിച്ച ഏഴു പേര്‍ക്കായി പത്തു മണിക്കൂറിനകം രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഇവര്‍ ഗുഹാമുഖത്തേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സംഘത്തലവന്‍ നാരോങ്‌സാങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുറത്തെത്തിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് കുട്ടികളെ പുറത്തെത്തിക്കുന്നത്.

രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്സും സംഭവം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഗുഹയ്ക്കുളളിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായിട്ടുണ്ട്. സുരക്ഷാസംഘം രാവിലെ ഗുഹക്കുള്ളില്‍ പ്രവേശിച്ചതായി ഓപ്പറേഷന്‍ ഹെഡ് നരൊന്ഗ്സക് ഒസൊത്തന്‍കൊണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ സുരക്ഷാസേന മെഡിക്കല്‍ സംഘത്തെയും ഡൈവിങ്ങ് സംഘത്തെയും അവശ്യജീവനക്കാരെയും മാത്രമേ ഗുഹാപരിസരത്തേക്ക് കടത്തിവിടുന്നുള്ളു. ജൂണ്‍ 23നാണ് 12 കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്.

Top