സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം; പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നാലരമാസത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ എത്തിയപ്പോള്‍ ആണ് നൂറ് ദിന കര്‍മ്മ പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയതില്‍ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സൈന്യത്തെ അദ്ദേഹം നന്ദിയും അനുമോദനവും അറിയിച്ചു.

നൂറുദിന പരിപാടിയുടെ ഭാഗമായി 1557 പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയ് 20ന് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

നേരത്തെ പ്രഖ്യാപിച്ച 100 ദിന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു. 1557 പദ്ധതികള്‍ വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ മുതല്‍ മേയ് 20 വരെയായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുന്നത്.

നാലര ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കും. പുതിയ 23 പോലീസ് സ്‌റ്റേഷനുകള്‍ക്ക് തറക്കല്ലിടും. മലപ്പുറത്ത് ശിശുസൗഹൃദ സ്‌റ്റേഷനുകള്‍ ആരംഭിക്കും. ഗ്രാമ നഗര വ്യത്യാസമില്ലാതെ കെഫോണ്‍ പദ്ധതി നടപ്പാക്കും.

റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കും. സംസ്ഥാനത്താകെ വാതില്‍പടി റേഷന്‍ സംവിധാനം. 15,000 പേര്‍ക്ക് പട്ടയം നല്‍കും. ഇടുക്കിയില്‍ എന്‍ സി സി യുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും. പതിനായിരം ഹെക്ടറില്‍ ജൈവകൃഷി തുടങ്ങും. എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കും. കിഫ്ബി വഴി ശബരിമല ഇടത്താവളം നവീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന പദ്ധതി. കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്ബനാട്ടുകായലില്‍ ബണ്ട് നിര്‍മ്മാണം. 1500 റോഡുകള്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി ഫണ്ട് പദ്ധതികള്‍ക്കായി വകയിരുത്തും

Top