‘നന്മയ്ക്ക് പ്രധാന്യമില്ല, നന്മ ചെയ്യുന്ന ആളുകളെ മോശക്കാരാക്കുന്ന ചിന്ത’; ഫിറോസ് കുന്നംപറമ്പില്‍

കൊച്ചി: ഈ നാട്ടില്‍ നന്മയ്ക്ക് പ്രധാന്യമില്ലെന്നും സമൂഹത്തില്‍ നന്മ ചെയ്യുന്ന ആളുകളെ മോശക്കാരാക്കുക എന്ന ചിന്തയാണ് ഉള്ളതെന്നും ഫിറോസ് കുന്നംപറമ്പില്‍.

കുറ്റവും കുറവുകളും കണ്ടെത്തുക. അത് അല്ലെങ്കില്‍ തന്റെതായി എന്തെങ്കിലും കുറ്റം കണ്ടെത്തുക എന്നതാണ് നടക്കുന്നത്. ഫിറോസ് സ്ത്രീയെ അപമാനിച്ചു, ജയില്‍ പോകുമോ എന്നൊക്കെ ചോദിച്ച് കൊണ്ട് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതേപോലെ കേസുകള്‍ ഉണ്ടാക്കാനും അഴിക്കുള്ളിലാക്കാനും ആളുകള്‍ നോക്കുന്നുണ്ട്. ഇന്നലെ ഒരു ലൈവിലൂടെ ഒരു കാര്യം പറഞ്ഞു. ഇതിനിടെ എന്നെ കുറിച്ച് ഒരു സ്ത്രീ ഒരു പരാമര്‍ശം നടത്തി. ആ പരാമര്‍ശത്തിന് അവര്‍ എങ്ങിനെയായിരുന്നോ അതിന് മറുപടി കൊടുത്തു. ഉടനെ അവര്‍ അത് ഡിലീറ്റ് ചെയ്ത് പോയി. ഉടനെ അത് എന്നെയാണ് പറഞ്ഞത് എന്ന് പറഞ്ഞു കൊണ്ട് വേറെ ഒരു സ്ത്രി വരികയായിരുന്നുവെന്നും ഫിറോസ് വ്യക്തമാക്കി.

താന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ല. എന്റെ മുന്നിലിരിക്കുന്നവരും സ്ത്രീകളാണ് ഒരു സ്ത്രീയെ അപമാനിച്ചു എന്ന് വേണമെങ്കില്‍ പറഞ്ഞോട്ടെ അത് ഏത് സ്ത്രീയാണെന്ന് പറയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. അസുഖം ബാധിച്ച 10 രോഗികള്‍ക്ക് സഹായം കൊടുക്കുന്ന പരിപാടിക്കിടെയാണ് സ്ത്രീകളെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ ഫിറോസ് തന്റെ നിലപാട് വിശദീകരിച്ചത്.

അതേസമയം സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുന്‍ കെ.എസ്.യു നേതാവായിരുന്ന യുവതിക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഫിറോസിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം. സി. ജോസഫൈന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് അപമാനിച്ചിരിക്കുന്നത്. ഇത് അനുവദിക്കാനാവില്ല. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫൈന്‍ പറഞ്ഞു.

തന്നെ വിമര്‍ശിച്ച പെണ്‍കുട്ടിക്കെതിരെയാണ് ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലീം ലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവര്‍ത്തകയായ പെണ്‍കുട്ടി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയിരുന്നു ഫിറോസിന്റെ വേശ്യ പരാമര്‍ശം.

പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവ്. മാന്യതയുള്ളവര്‍ പറഞ്ഞാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു. സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലര്‍ക്കും ശരീരം കാഴ്ചവെക്കുന്ന ഇവര്‍ക്ക് തനിക്കെതിരെ ശബ്ദിക്കാന്‍ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാല്‍ തനിക്ക് ഒരു ചുക്കും സംഭവിച്ചാല്‍ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്.

Top