തവനൂരിൽ വ്യക്തി കേന്ദ്രീകൃത മത്സരം, ‘കട്ടകലിപ്പിൽ’ ഫിറോസും കെ.ടി ജലീലും

ഫിറോസ് കുന്നുംപറമ്പില്‍ എന്ന ചാരിറ്റി പ്രവര്‍ത്തകന്‍ ഇത്തവണ തവനൂരിന്റെ മണ്ണില്‍ നിന്നും വിജയിച്ചാല്‍ അതിനു പ്രധാന ഒരു ഉത്തരവാദി മന്ത്രി കെ.ടി ജലീല്‍ തന്നെയായിരിക്കും. ഇടതുപക്ഷ രാഷ്ട്രീയത്തിന് മാത്രമല്ല വലതുപക്ഷ ശക്തികള്‍ക്കും നല്ല വേരോട്ടമുള്ള മണ്ഡലമാണ് തവന്നൂര്‍. ഇവിടെ കഴിഞ്ഞ കാലങ്ങളില്‍ ഇടതുപക്ഷം വിജയിച്ചതിനു പിന്നില്‍ ജലീലിന്റെ സ്വാധീനവും പ്രധാനഘടകമാണ്. മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം ഏറ്റവും ആദ്യം വിജയിക്കേണ്ട ഈ മണ്ഡലത്തില്‍ ഇത്തവണ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ഫിറോസ് കുന്നുംപറമ്പലിനെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുക വഴി എതിരാളി ക്യാംപിനെ ശക്തിപ്പെടുത്തുകയാണ് യഥാര്‍ത്ഥത്തില്‍ കെ.ടി ജലീല്‍ ചെയ്തിരിക്കുന്നത്.

ഫിറോസ് കുന്നുംപറമ്പില്‍ ‘സങ്കരയിനത്തില്‍’പ്പെടുന്ന ആളാണെന്ന ജലീലിന്റെ പരിഹാസമാണ് യഥാര്‍ത്ഥത്തില്‍ യു.ഡി.എഫ് ക്യാംപിനെ ഉഷാറാക്കിയിരിക്കുന്നത്. മുസ്ലീംലീഗുകാരനെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാക്കി എന്ന ആരോപണം ലീഗ് – കോണ്‍ഗ്രസ്സ് അണികളിലാണ് വാശിയുണ്ടാക്കിയിരിക്കുന്നത്. അവര്‍ അത് പ്രകടിപ്പിക്കുന്നത് പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഈ വാശി തന്നെയാണ് തവനൂരിലെ വിധിയെയും ഇപ്പോള്‍ പ്രവചനാതീതമാക്കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം വിഭാഗമായ ‘സമയം മലയാളത്തിന് ‘ മുമ്പ് ജലീല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ ആര്‍ക്കെതിരെയും വ്യക്തി അധിക്ഷേപം നടത്തില്ലെന്നും ”താന്റേത് ജെന്റില്‍മാന്‍ പൊളിറ്റിക്‌സാണെന്നും ‘ തുറന്നു പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും തന്റെ എതിരാളികളെ കുറിച്ച് വ്യക്തിപരമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും കെ.ടി ജലീല്‍ വ്യക്തമാക്കുകയുണ്ടായി. ആ ജലീല്‍ തന്നെ ഇപ്പോള്‍ ഫിറോസ് കുന്നുംപറമ്പലിനെ അധിക്ഷേപിച്ചത് രാഷ്ട്രീയ നിരീക്ഷകരെയും ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജലീല്‍ തുടക്കമിട്ടതോടെ ഇപ്പോള്‍ ഫിറോസ് കുന്നും പറമ്പലിനെതിരെ ആരോപണങ്ങളുടെ പ്രളയമാണ് ഉയര്‍ന്നിരിക്കുന്നത്. സൈബറിടത്തില്‍ ഇരു വിഭാഗത്തിനും കരുത്തുള്ളതിനാല്‍ തീ പാറുന്ന യുദ്ധം തന്നെയാണ് ആ മേഖലയിലും നടക്കുന്നത്. വിജയത്തില്‍ കുറഞ്ഞൊന്നും തന്നെ ഇടതുപക്ഷം തവന്നൂരില്‍ പ്രതീക്ഷിക്കുന്നില്ല. യു.ഡി.എഫ് ആകട്ടെ ഇത്തവണ ‘അട്ടിമറിച്ചിരിക്കും’ എന്ന ഒറ്റ വാശിയിലാണ് മുന്നോട്ട് പോകുന്നത്.

ജലീല്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചരണായുധം ഒപ്പം പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങളും ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. ജലീലിനെതിരായ ആരോപണങ്ങളുടെ മുനയൊടിഞ്ഞതും ഇടതു ക്യാംപിന്റെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ വേട്ടയാടല്‍ ജലീല്‍ തന്നെ വോട്ടര്‍മാരോട് തുറന്നു പറയുന്നുമുണ്ട്. അതേസമയം പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് തോല്‍പ്പിച്ചതിന് മധുരമായ ഒരു പ്രതികാരമാണ് മുസ്ലീംലീഗ് ആഗ്രഹിക്കുന്നത്. ഫിറോസ് കുന്നുംപറമ്പലിലൂടെ അതു സാധിക്കുമെന്ന് തന്നെയാണ് അവര്‍ കണക്കു കൂട്ടുന്നത്.

കോണ്‍ഗ്രസ്സിനേക്കാള്‍ സജീവമായി ഫിറോസിനു വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നതും മുസ്ലീം ലീഗ് അണികള്‍ തന്നെയാണ്. റോഡ് ഷോയിലും ഇത് പ്രകടമാണ്. ഫിറോസ് കള്ളനും ക്രിമിനലും ആണെങ്കില്‍ അദ്ദേഹം പറയുമ്പോള്‍ ലക്ഷക്കണക്കിന് രൂപ എങ്ങനെയാണ് പാവങ്ങളുടെ അക്കൗണ്ടിലേക്ക് ജനങ്ങള്‍ നല്‍കുക എന്നതാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. വിശ്വാസം, അത് ഫിറോസില്‍ ജനങ്ങള്‍ക്കുണ്ട് എന്ന് സ്ഥാപിക്കാന്‍ തന്നെയാണ് പ്രചരണത്തിലൂടെ യു.ഡി.എഫ് ശ്രമിക്കുന്നത്. ഫിറോസ് കുന്നുംപറമ്പലിന്റെ ഇടപെടലിന്റെ ഭാഗമായി ജീവിതത്തിലേക്ക് തിരിച്ചു വന്നവരും അവരുടെ കുടുംബാംഗങ്ങളും വീഡിയോകളിലൂടെ വോട്ട് ചോദിച്ചും പരസ്യമായി രംഗത്തിറങ്ങിയിട്ടുണ്ട്.

ഫിറോസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സഹിക്കാഞ്ഞിട്ടാണ് രംഗത്തിറങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതില്‍ ജലീലിനും ഒഴിഞ്ഞു മാറാന്‍ കഴിയുകയില്ല. സോഷ്യല്‍ മീഡിയ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നു. അതിന് അനുസരിച്ചുള്ള നിലപാടുകളാണ് സ്വീകരിക്കേണ്ടിയിരുന്നത്. രാഷ്ട്രീയ പോരാട്ടം നടക്കേണ്ട മണ്ഡലത്തില്‍ വ്യക്തി കേന്ദ്രീകൃത പോരാട്ടമാക്കി മാറ്റാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഈ കെണിയിലാണ് ജലീല്‍ ചെന്ന് ചാടി കൊടുത്തിരിക്കുന്നത്. തങ്ങളുടെ ‘ അജണ്ട’ നടപ്പാക്കുന്നതില്‍ ഒരു പരിധിവരെ യു.ഡി.എഫ് നേതൃത്വം വിജയിച്ചിട്ടുണ്ട്. ഫിറോസ് കുന്നുംപറമ്പിലിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന തിരഞ്ഞെടുപ്പായി തവനൂര്‍ മാറിയാല്‍ ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടലുകളാണ് തെറ്റുക.

ഫിറോസ് എങ്ങനെയുള്ള ആളാണ് എന്നതിനേക്കാള്‍ അദ്ദേഹം എത്ര പേരെ സഹായിച്ചു എന്നതാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക. ജലീലിന് ജനസേവനം നടത്താന്‍ മന്ത്രി പദവിയും എം.എല്‍.എ പദവിയും വേണം. എന്നാല്‍ തനിക്ക് അതിന്റെ ആവശ്യം ഇല്ലെന്നാണ് ഫിറോസ് ചൂണ്ടിക്കാട്ടുന്നത്. ഒരു പദവിയും ഇല്ലാത്ത ഫിറോസിന് ഇത്രയധികം പേരെ സഹായിക്കാന്‍ കഴിയുമെങ്കില്‍ എം.എല്‍.എ ആയാല്‍ അതിനും അപ്പുറവും അദ്ദേഹത്തിന് സാധിക്കുമെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഈ വാദത്തെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പൂര്‍ണ്ണമായും തളളിക്കളയാന്‍ കഴിയുകയുമില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് പിഴച്ചതും ഇവിടെ തന്നെയാണ്.

 

പഴയ കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്നും ഭൂമി ശാസ്ത്രപരമായ തന്നെ വലിയ മാറ്റമുള്ള മണ്ഡലമാണ് തവനൂര്‍. 2011ല്‍ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിനെ 6,854 വോട്ടുകള്‍ക്കാണ് ജലീല്‍ പരാജയപ്പെടുത്തിയിരുന്നത്. 2016ല്‍ ഭൂരിപക്ഷം 17,064 ആയി ഉയര്‍ത്താനും ജലീലിനു കഴിഞ്ഞിട്ടുണ്ട്. ഈ കണക്കു വെച്ച് വിലയിരുത്തിയാല്‍ കാല്‍ ലക്ഷത്തോളം വോട്ടിന് ഇത്തവണ ജലീല്‍ വിജയിക്കേണ്ട മണ്ഡലമാണ് തവനൂര്‍. അവിടെയാണിപ്പോള്‍ മത്സരം കടുപ്പമായിരിക്കുന്നത്. കടുപ്പമാക്കി മാറ്റി എന്നു പറയുന്നതാണ് യാഥാര്‍ത്ഥ്യം.

 

Top