കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന ബിഎസ്എഫുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ വെടിയേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാംഗോപാലിനെ വെടിവച്ച ഹെഡ് കോണ്‍സ്റ്റബിളായ ഉത്തര്‍പ്രദേശ് സ്വദേശി ഉമേഷ്പാല്‍ സിംഗാണെന്നും സൂചനയുണ്ട്. അവധി നല്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് വെടിവെപ്പിലേക്ക് നയിച്ചത്.
കൊലപാതകത്തിന് ശേഷം ഉമേഷ്പാല്‍സിങ് സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയിലായിരുന്നു ബിഎസ്എഫുകാരുടെ താമസം.
വെടിവെക്കാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തു. വടകര സഹകരണ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം ഇവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് ക്യാംപില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ക്യാംപില്‍ പരിശോധന നടത്തി.