ഡല്‍ഹിയിലെ തീപിടിത്തം; ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പീരാഗര്‍ഹി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളില്‍ കുടുങ്ങിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ അമിത് ബല്യാണ്‍ ആണ് മരിച്ചത്. കെട്ടിടത്തിന് ഉള്ളില്‍ നിന്നും പുറത്തെടുത്ത ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പതിമൂന്ന് പേരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ്.

ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ അണയ്ക്കുന്നതിനിടയിലുണ്ടായ സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു.

തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ, ഫാക്ടറിയുടെ തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കും തീ പടര്‍ന്നു. ഫാക്ടറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര കുമാര്‍ പറഞ്ഞു.

തീപിടിത്തത്തിന്‍ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top