കോട്ടയത്ത് മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു; ഹൈപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായി കത്തിനശിച്ചു

fire

കോട്ടയം: കോട്ടയത്ത് കളക്ടറേറ്റിന് സമീപത്തെ മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും കത്തിനശിച്ചു.താഴത്തെ നിലയിലുള്ള പേലെസ് ഹൈപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സിന്റെ ഏഴു യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

കോട്ടയം കൂടാതെ പാമ്പാടി, കടുത്തുരുത്തി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണു തീയണയ്ക്കാനെത്തിയത്.

ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വശത്തു പിന്നീടു തീപടര്‍ന്നതു കണ്ടതിനെത്തുടര്‍ന്ന് വീണ്ടും ഫയര്‍ഫോഴ്‌സ് അതണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. മൂന്നാം നിലയില്‍ താമസിച്ച ലോഡ്ജിലെ ആള്‍ക്കാരെ ഒഴിപ്പിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. കടയുടെ എതിര്‍വശത്തായി പെട്രോള്‍ പമ്പുണ്ടെന്നതിനാല്‍ തീപിടിത്തം ആശങ്കയുണ്ടാക്കിയിരുന്നു.

കെട്ടിടത്തിനു വെന്റിലേഷനില്ലാത്തതിനാല്‍ തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് സംഘം ബുദ്ധിമുട്ടി. അകത്തുകയറാനും ഇറങ്ങാനും ഒരു വാതില്‍ മാത്രമാണ് ഉള്ളത്. അതുകാരണം തീയണയ്ക്കുന്നത് സംഘത്തിന് ബുദ്ധിമുട്ടായിരുന്നു. അകത്ത് വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന ഭാഗത്തേക്കു പ്രവേശിക്കാന്‍ ഇതുവരെ ഫയര്‍ഫോഴ്‌സ് സംഘത്തിനു കഴിഞ്ഞിട്ടില്ല.

Top