പ്രേതബാധയോ, അതോ ? വസ്ത്രങ്ങൾ തുടരെ തീ പിടിക്കുന്നു . .

fire

മൂവാറ്റുപുഴ: ഒന്നിനു പുറകെ ഒന്നായി വീട്ടിലെ വസ്ത്രങ്ങളില്‍ രണ്ട് ദിവസമായി തീപിടിക്കുന്നത് ഒരു കുടുംബത്തിനെയും ഗ്രാമത്തിനെയും പരിഭ്രാന്തിയിലാഴ്ത്തി . റാക്കാട് നന്തോട്ട് കൈമറ്റത്തില്‍ അമ്മിണിയുടെ വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളില്‍ തീപടരുന്നത്.

വസ്ത്രങ്ങള്‍ സൂക്ഷിച്ച അലമാര, ബെയ്‌സന്‍, ബക്കറ്റ്, തുടങ്ങിയവയിലെല്ലാം പലതവണ തീയുണ്ടായി. ബുധന്‍ രാത്രി തുടങ്ങിയ പ്രതിഭാസം ഇന്നലെ വൈകിട്ട് 4.30 വരെ തുടര്‍ന്നു. വീട്ടുസാമഗ്രികളെല്ലാം പുറത്തെടുത്ത് ഇട്ടിരിക്കുകയാണ്. ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാര്‍ വീട്ടില്‍ തടിച്ചു കൂടി.

കാസര്‍കോട് നിന്ന് അമ്മിണിയമ്മയുടെ മകനും കുടുംബവും ബുധനാഴ്ച വീട്ടിലെത്തിയ ശേഷമാണ് തീപിടുത്തം തുടങ്ങിയത്. രാത്രി അലമാരയ്ക്ക് മുകളില്‍ വിരിച്ച തുണി ആദ്യം കത്തി. ഇന്നലെ രാവിലെ അടച്ചുവച്ച ബക്കറ്റിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങള്‍ക്ക് പല സമയങ്ങളില്‍ തീപിടിച്ചു.

വീട്ടുകാരെ വീട്ടില്‍ നിന്നൊഴിവാക്കി പൊലീസ് പരിശോധനകള്‍ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് അഗ്‌നിശമന സേനയും ഉറപ്പാക്കി. പിന്നീട് പൊലീസും അഗ്‌നിശമന സേനാംഗങ്ങളും വീട്ടില്‍ ക്യാംപ് ചെയ്തു. പുറത്ത് എല്ലാവരും കാത്തു നില്‍ക്കുന്നതിനിടെ വീട്ടിലെ മുറിയില്‍ തുണി നിറച്ച ബക്കറ്റില്‍ വീണ്ടും തീ പടര്‍ന്നു. 9 തവണ വീട്ടില്‍ പലയിടങ്ങളിലായി തീപടര്‍ന്നു. ചെറിയ തോതിലാണ് തീ പടരുന്നത്. അതിനാല്‍ വലിയ നാശനഷ്ടം വീട്ടില്‍ ഉണ്ടായിട്ടില്ല.

ജോലിയുമായി ബന്ധപ്പെട്ട് കാസര്‍കോട് താമസിച്ചിരുന്ന മകന്‍ മിതേഷും കുടുംബവും അമ്മിണിയെ കാണാന്‍ ബുധനാഴ്ച വീട്ടിലെത്തിയിരുന്നു. ഇവര്‍ കൂടി വീട്ടില്‍ ഉള്ളപ്പോഴാണ് ബുധനാഴ്ച രാത്രി എട്ടു മണിയോടെ തീപിടിച്ചത്. പൊലീസ് മിതേഷിനോടും അമ്മിണിയോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞെങ്കിലും തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പൊലീസും അഗ്‌നിശമന സേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെ പരിശോധനകള്‍ തുടരുകയാണ്. ചില സംശയങ്ങളുണ്ടെന്നും കുടുംബാംഗങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണു തീരുമാനമെന്നും മൂവാറ്റുപുഴ അസി.ഫയര്‍ ഓഫീസര്‍ എം.എസ്.സജി പറഞ്ഞു.

Top