യുഎഇയിലെ എല്ലാ വീടുകളിലും ഇനി ഫയര്‍ ഡിറ്റക്ടറുകള്‍ നിര്‍ബന്ധം

അബുദാബി: യുഎഇയിലെ എല്ലാ വീടുകളിലും ഫയര്‍ ഡിറ്റക്ടറുകള്‍ നിര്‍ബന്ധമാക്കി. അവ ഇന്‍സ്റ്റാള്‍ ചെയ്യുകയും സിവില്‍ ഡിഫന്‍സിന്റെ ഇലക്ട്രോണിക് ശൃംഖലയുമായി ബന്ധിപ്പിക്കുകയും വേണം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച പ്രമേയത്തിന് അംഗീകാരം നല്‍കിയത്.

രാജ്യത്ത് ഇപ്പോഴുള്ള വീടുകള്‍ക്കും പുതിയതായി നിര്‍മിക്കുന്നവയ്ക്കും നിയമം ബാധകമാണ്. പുതിയ കെട്ടിടങ്ങളില്‍ ഫയര്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ച് അവ സിവില്‍ ഡിഫന്‍സിന്റെ ഇലക്ട്രോണിക് സംവിധാവുമായി ബന്ധിച്ചിപ്പതിന് ശേഷം മാത്രമേ നിര്‍മാണം പൂര്‍ത്തിയായ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഇപ്പോഴുള്ള വീടുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇവ സ്ഥാപിക്കുന്നതിന് പരമാവധി മൂന്ന് വര്‍ഷം വരെ സമയം അനുവദിക്കും.

കുറഞ്ഞ വരുമാനക്കാരായ ആളുകള്‍ക്ക് ഇതിനുള്ള ചിലവ് ഫെഡറല്‍, പ്രാദേശിക ഭരണകൂടങ്ങള്‍ വഹിക്കും. അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സിവില്‍ ഡിഫന്‍സ് വഴി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കും.

Top