കൊല്ലം കരുനാഗപ്പള്ളിയില്‍ ഷോപ്പിങ് കോംപ്ലക്സിന് തീപിടിച്ചു; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം. കരുനാഗപ്പള്ളി നഗരത്തില്‍ ദേശീയ പാതയ്ക്കടുത്ത് എ.എം ഹോസ്പിറ്റലിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്. ഷോപ്പിങ് കോംപ്ലക്സും ഇതിനു മുകളിലുണ്ടായിരുന്ന ഫാന്‍സിസെന്ററും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ഫാന്‍സി സെന്ററില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചതെന്നാണ് വിവരം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഇരുകടകളിലുമായി സംഭരിച്ചിരുന്നു. അവ പൂര്‍ണമായും കത്തിനശിച്ചു.

കൃത്യസമയത്ത് ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോപ്പിങ് കോംപ്ലക്സിന് സമീപമുള്ള എ.എം ഹോസ്പിറ്റലിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള നടപടിയാണ് ആദ്യം സ്വീകരിച്ചത്. കരുനാഗപ്പള്ളി, ചവറ, കൊല്ലം, ശാസ്താംകോട്ട, കായംകുളം,കൊട്ടാരക്കര നിലയങ്ങളിലെ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. മൂന്നുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

Top