ഭോപ്പാല്‍-ദില്ലി വന്ദേഭാരത് എക്‌സ്പ്രസില്‍ അഗ്‌നിബാധ; ആളപായമില്ല

ഭോപ്പാല്‍: ഭോപ്പാല്‍ ദില്ലി വന്ദേഭാരത് എക്‌സ്പ്രസില്‍ അഗ്‌നിബാധ. മധ്യപ്രദേശിലെ ഭോപാലില്‍ നിന്ന് ദില്ലിയിലേക്ക് തിങ്കളാഴ്ച രാവിലെ പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിലെ കോച്ചിലാണ് അഗ്‌നിബാധയുണ്ടായത്. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്‌നിബാധയുണ്ടായത്.

22ഓളം യാത്രക്കാരായിരുന്നു ഈ കോച്ചിലുണ്ടായിരുന്നത്. ഇവരെ പെട്ടന്ന് തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സി 12 കോച്ചിന്റെ ബാറ്ററി ബോക്‌സില്‍ നിന്നാണ് തീ പടര്‍ന്നത്. രാവിലെ 6.45 ഓടെയായിരുന്നു ഇത്.

വിദിഷയിലെ കുര്‍വെയ്, കൈതോര സ്റ്റേഷനുകള്‍ക്ക് ഇടിലായി ട്രെയിന്‍ നിര്‍ത്തിയിട്ടു. ഫയര്‍ ബ്രിഗേഡ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നത്. 701 കിലോമീറ്റര്‍ ദൂരം 7 മണിക്കൂറും 30 മിനിറ്റിലുമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ഈ പാതയില്‍ താണ്ടുന്നത്.

Top