അഞ്ഞൂറുവര്‍ഷം പഴക്കമുള്ള ജപ്പാനിലെ ഷുരി കോട്ടയില്‍ തീപിടുത്തം

ടോക്കിയോ: ജപ്പാനിലെ പ്രശസ്തമായ ഷുരി കോട്ടയില്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. പത്തുമണിക്കൂര്‍നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായതെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തടികൊണ്ടുനിര്‍മിച്ച കോട്ടയുടെ ഏഴ് പ്രധാനകെട്ടിടങ്ങള്‍ തീപ്പിടിത്തത്തില്‍ പൂര്‍ണമായി നശിച്ചതായാണ് റിപ്പോര്‍ട്ട്.

ഒകിനാവ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അഞ്ഞൂറുവര്‍ഷം പഴക്കമുള്ള ഈ കോട്ട യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിലുള്‍പ്പെടുന്നതാണ്. റിയുക്യു സാമ്രാജ്യത്തിന്റെഭരണത്തില്‍ പണികഴിപ്പിക്കപ്പെട്ട ഈ കോട്ട രണ്ടാംലോകയുദ്ധത്തിനിടെ 1945-ല്‍ അമേരിക്കന്‍സൈന്യം കോട്ട പൂര്‍ണമായി നശിപ്പിച്ചു.

1992-ലാണ് ഇപ്പോഴുള്ള ഭാഗം പുനര്‍നിര്‍മിച്ചത്. 1970 വരെ ഒകിനാവ സര്‍വകലാശാലയായി പ്രവര്‍ത്തിച്ചു. രണ്ടായിരത്തില്‍ പൈതൃകപ്പട്ടികയില്‍ ഇടംനേടി. പിന്നീട് രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി മാറുകയായിരുന്നു.

Top