ചൈനയിലെ കല്‍ക്കരി നിര്‍മ്മാണ ശാലയില്‍ അഗ്‌നിബാധ; 25പേര്‍ കൊല്ലപ്പെട്ടു

ബീജിംഗ്: ചൈനയിലെ കല്‍ക്കരി നിര്‍മ്മാണ ശാലയിലുണ്ടായ തീ പിടുത്തത്തില്‍ ചൈനയില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ ഷാന്ക്‌സി പ്രവിശ്യയിലെ ലവ്‌ലിയാംഗ് നഗരത്തിന് സമീപമാണ് അഗ്‌നിബാധയുണ്ടായത്. യോന്ജു കല്‍ക്കരി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അഗ്‌നി പടര്‍ന്ന് പിടിച്ചത്.

മേഖലയിലെ പ്രധാന കല്‍ക്കരി നിര്‍മ്മാതാക്കളാണ് യോന്ജു. കല്‍ക്കരി നിര്‍മ്മാണത്തിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടമുണ്ടായതിന് പിന്നാലെ അവശ്യ രക്ഷാ സേന ഇവിടേക്കെത്തിയതായി ജില്ലാ ഭരണകൂടം വിശദമാക്കി. 63 പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചെങ്കിലും കൊല്ലപ്പെട്ടത് 25 പേര്‍ മാത്രമാണോയെന്നതിന് ഇനിയും വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അഗ്‌നിബാധയുണ്ടായത്.

തുടക്കത്തില്‍ തന്നെ അഗ്‌നിബാധ നിയന്ത്രിക്കാന്‍ സാധിച്ചതാണ് അപകടത്തിന്റെ തോത് ഇത്ര കുറച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കല്‍ക്കരി ഖനിയിലേക്ക് അഗ്‌നി പടരാതിരുന്നതും അപകടത്തിന്റെ തീവ്രത കുറയാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൈനയില്‍ കല്‍ക്കരി ഖനിയിലും നിര്‍മ്മാണ ശാലകളിലും അഗ്‌നിബാധയുണ്ടാവുന്നത് ഇപ്പോള്‍ പതിവ് സംഭവമാണ്. നേരത്തെ ഏപ്രില്‍ മാസത്തില്‍ 29 പേര്‍ ആശുപത്രി കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

Top