കാനറാ ബാങ്കിന്റെ ശാഖയില്‍ തീപിടുത്തം; വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്; നാല്‍പതോളം ജീവനക്കാരെ രക്ഷപ്പെടുത്തി

ലഖ്നൗ: ലഖ്നൗവിലെ കാനറ ബാങ്കിന്റെ ശാഖയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്.

അഗ്‌നിരക്ഷാ സേന എത്തിയതിന് ശേഷമാണ് ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീ അണച്ചതായും എല്ലാവരെയും രക്ഷപ്പെടുത്തിയതായും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എയര്‍കണ്ടീഷണറിന് തീപിടിക്കുന്നത് കണ്ടതായി ജനല്‍ വഴി കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെട്ട ബാങ്ക് ജീവനക്കാരന്‍ പറഞ്ഞു. അകത്ത് 40 ഓളം പേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ജനാലകള്‍ തകര്‍ത്ത് കെട്ടിടത്തിന്റെ അരികിലെത്തി. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും ജീവനക്കാരന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മറ്റ് നാശനഷ്ടങ്ങളെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

Top