ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടുത്തം; അമ്പതോളം കുടിലുകള്‍ കത്തിയമര്‍ന്നു

fire

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാളിന്ദി കുജിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടുത്തം. പുലര്‍ച്ചെ 3.10 നായിരുന്നു സംഭവം. തീപിടുത്തത്തില്‍ അമ്പതോളം കുടിലുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. തങ്ങളെ നശിപ്പിക്കാന്‍ മനപൂര്‍വം തീയിട്ടതാണെന്നാണ് അഭയാര്‍ഥികള്‍ ആരോപിക്കുന്നത്. നേരത്തെ രണ്ടു തവണ തീപിടുത്തമുണ്ടായിരുന്നു.

തീപ്പിടുത്തത്തില്‍ ആളപായങ്ങളൊന്നുമില്ല. ചെറിയ തരത്തിലുള്ള പൊള്ളലുകള്‍ അഭയാര്‍ത്ഥികള്‍ക്കുണ്ടായിട്ടുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളുടെ നിലവിലെ സാഹചര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയ ക്യാമ്പുകളിലൊന്നാണ് കാളിന്ദി കുജ്.

റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും,സ്ഥിതിഗതികള്‍ ദയനീയമാണെന്നും ചൂണ്ടികാട്ടി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കാളിന്ദി കുജിന് സമീപം ഫയര്‍‌സ്റ്റേഷനുണ്ടായിട്ടും 50 മിനിറ്റ് വൈകിയാണ് ഫയര്‍ഫോഴ്‌സ് എത്തിയത്. സമീപവാസികളുമായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ ഒത്തു കളിച്ചതാണെന്നും അഭയാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.

ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി കാര്‍ഡുകളടക്കം കൈയ്യിലുള്ള അഭയാര്‍ത്ഥികളാണ് കാളിന്ദി കുജിലുള്ളത്. വസ്ത്രം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെയുള്ള വസ്തുകളെല്ലാം പൂര്‍ണ്ണമായി കത്തിനശിച്ചിട്ടുണ്ട്. അതേസമയം റോഹിങ്ക്യനുകളെ അഭയാര്‍ത്ഥികളായി കാണാനാകില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം.

Top