സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസില്‍ തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പ് ഓഫീസില്‍ തീപിടിത്തം. പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ ഏതാനും ഫയലുകള്‍ കത്തിനശിച്ചു.

അഗ്നിശമന സേനയും ജീവനക്കാരും ചേര്‍ന്നു തീയണച്ചു. കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. റൂം ബുക്കിംഗിന്റെ ഫയലുകളാണ് കത്തിയത്. എന്നാല്‍ അവ പൂര്‍ണമായും കത്തിനശിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.

ഇന്ന് ഓഫീസില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.

അതേസമയം, സുപ്രധാന ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഓഫീസില്‍ തീപിടിത്തമുണ്ടായതില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top