സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ അഗ്‌നി സുരക്ഷാ വിഭാഗം

കോഴിക്കോട്: കോഴിക്കോട് അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടി. ആശുപത്രികളടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന നാല്‍പതോളം സ്ഥാപനങ്ങള്‍ ക്കെതിരെയാണ് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ നടപടി എടുക്കാന്‍ ഒരുങ്ങുന്നത്.

നഗരത്തിലെ ഒരു പ്രധാന സ്വകാര്യ ആശുപത്രിക്ക് ഇത് മൂന്നാം വട്ടമാണ് അഗ്‌നി സുരക്ഷാ വിഭാഗം നോട്ടീസ് നല്‍കുന്നത്. അഗ്‌നി ബാധയുണ്ടായാല്‍ രക്ഷാപ്രവര്‍ത്തന സംവിധാനമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 15 നില കെട്ടിടമാണെങ്കില്‍ കെട്ടിടത്തിന് മുകളില്‍ 10000 മുതല്‍ 20000 ലിറ്റര്‍ വരെ സംഭരണശേഷിയുളള ടാങ്ക് വേണമെന്നാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനദണ്ഡങ്ങളില്‍ പറയുന്നത്. ഫയര്‍ എഞ്ചിനുകള്‍ക്ക് കടന്നുവരാനുളള വഴിയും നിര്‍ബന്ധം. എന്നാല്‍ നഗരത്തിലെ പല ബഹുനില കെട്ടിടങ്ങള്‍ക്കും ഇത്തരം അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് കോര്‍പ്പറേഷനാണെന്നാണ് അഗ്നി സുരക്ഷാ വിഭാഗം പറയുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടുളള റിപ്പോര്‍ട്ടൊന്നും കിട്ടിയിട്ടില്ലെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ അറിയിച്ചു.

Top