Fire accident paravoor-Enquiry central agencies

തിരുവനന്തപുരം: രാജ്യമനസാക്ഷിയെ ഞെട്ടിച്ച പരവൂര്‍ വെടിക്കെട്ടപകടം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചേക്കും.

സിബിഐയോ എന്‍ഐഎയോ സംഭവം അന്വേഷിക്കണമെന്ന ആവശ്യം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. വന്‍ പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിച്ചത് അതീവ ഗൗരവമുള്ള കാര്യമായതിനാല്‍ എന്‍ഐഎ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിലും ക്രൈബ്രാഞ്ച് അന്വേഷണത്തിലും വിശ്വാസമില്ലെന്നതിന്റെ സൂചനയാണ് വിഎസിന്റെ വാക്കില്‍ കൂടി വ്യക്തമാകുന്നത്.

വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുന്‍ എംപിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ പീതാംബരക്കുറുപ്പും എഡിജിപിയും ഇടപെട്ടുവെന്ന ആക്ഷേപമുയര്‍ന്ന സ്ഥിതിക്ക് കേന്ദ്ര അന്വേഷണമെന്ന വിഎസിന്റെ ആവശ്യം സര്‍ക്കാരിന് എളുപ്പം തള്ളിക്കളയാന്‍ പറ്റില്ല. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍.

കോണ്‍ഗ്രസ് നേതാവായ പീതാംബരക്കുറുപ്പിന്റെ ‘ഇടപെടല്‍’ മുന്‍നിര്‍ത്തി ആഭ്യന്തരവകുപ്പിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷ തീരുമാനം.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഫ്‌ളൈ ഓവര്‍ വീണ് 26 പേര്‍ മരിച്ച സംഭവം ഫലപ്രദമായി ബംഗാളിലെ മമത സര്‍ക്കാരിനെതിരെ ഉപയോഗിച്ച സിപിഎം പരവൂരിലെ വെടിക്കെട്ടപകടം സര്‍ക്കാരിനെതിരായ ആയുധമാക്കിയിരിക്കുകയാണിപ്പോള്‍.

വെടിക്കെട്ട് നടത്താന്‍ അവസരമൊരുക്കിയതിന് പീതാംബരക്കുറുപ്പിനോട് ക്ഷേത്രഭാരവാഹികള്‍ നന്ദി പറയുന്നതായ രൂപത്തില്‍ പുറത്തുവന്ന ഓഡിയോയാണ് ഇപ്പോള്‍ യുഡിഎഫിനെ ഏറെ പ്രതിരോധത്തിലാക്കുന്നത്.

കമ്മീഷണറടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ നേരത്തെ ആരോപണ വിധേയനായ എഡിജിപിയെ മുന്‍നിര്‍ത്തി വലിയ സമ്മര്‍ദ്ദം ചെലുത്തിയാണ് ജില്ലാഭരണകൂടം അനുമതി നിഷേധിച്ച വെടിക്കെട്ടിന് ‘മൗനാനുവാദം’ നല്‍കിച്ചതെന്നാണ് ആക്ഷേപം.

രാത്രിയില്‍ വെടിക്കെട്ട് നടത്താന്‍ കരാര്‍പ്രകാരം അനുമതി ഇല്ലായിരുന്നുവെന്ന വെളിപ്പെടുത്തലും വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതും കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അന്വേഷണ ചുമതല കൈമാറുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

അതേസമയം, ഇതിനകം 109 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ കഴിയുന്ന നിരവധി പേരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Top