ഗുസ്തി താരങ്ങൾ നേരിടുന്ന പീഡനങ്ങൾ മോദി 2 വർഷം മുൻപേ അറിഞ്ഞിരുന്നതായി എഫ്ഐആർ

ന്യൂഡൽഹി : ഗുസ്തി താരങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു വർഷം മുൻപേ അറിഞ്ഞിരുന്നതായി എഫ്ഐആറിൽ വെളിപ്പെടുത്തൽ. ബ്രിജ് ഭൂഷന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാത്തതിനു നേരിടേണ്ട വരുന്ന പീഡനങ്ങളെക്കുറിച്ച് താരങ്ങൾ 2021ൽത്തന്നെ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് അറിയിച്ചിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്. പ്രധാനമന്ത്രിയെ സന്ദർശിക്കാൻ അനുമതി തേടിയ ഒളിംപ്യൻമാരുടെ സംഘത്തിൽനിന്ന് ഒരു താരത്തിന്റെ പേര് ബ്രിജ് ഭൂഷൺ വെട്ടിയിരുന്നു. എന്നാൽ പ്രധാനമന്ത്രി ഇടപെട്ട് താരത്തെ വിളിപ്പിച്ചു.

ആ കൂടിക്കാഴ്ചയിലാണ് ഫെഡറേഷൻ അധ്യക്ഷന്റെ പരാക്രമങ്ങൾ പ്രധാനമന്ത്രിയോട് നേരിൽ പറഞ്ഞത്. പ്രശ്നത്തിൽ കായികമന്ത്രാലയം ഇടപെടുമെന്ന് അന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ബ്രിജ് ഭൂഷന്റെ പകപോക്കലിന്റെ കടുപ്പം കൂടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു ബിജെപി നേതാവു കൂടിയായ ബ്രിജ് ഭൂഷന്റെ കേട്ടാലറയ്‌ക്കുന്ന പീഡനങ്ങളെന്നും എഫ്ഐആറിൽ പറയുന്നു. ഏപ്രിൽ 28ന് തയാറാക്കിയ എഫ്ഐആറിൽ ഇതുവരെ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. എഫ്ഐആറിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

ഫോട്ടോ എടുക്കാനെന്ന പേരിൽ ദേഹത്തോട് ചേർത്തുനിർത്തി സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിച്ചുവെന്ന്, പ്രായപൂർത്തിയാകാത്ത താരം പറയുന്നു. ഭക്ഷണ മേശയ്‌ക്കു സമീപത്ത് വച്ച് ദേഹത്ത് സ്‌പർ‌ശിച്ചു, കാലുകൾ ഉപയോഗിച്ച് സ്‌പർശിച്ചു, പരിശീലനം നടത്തുന്ന താരത്തിന്റെ ജഴ്സി ഉയർത്തി സ്‌പർശിച്ചു എന്നിങ്ങനെ ഞെട്ടിക്കുന്ന ലൈംഗികാതിക്രമങ്ങളുടെ പട്ടിക തന്നെയുണ്ട് താരങ്ങളുടെ മൊഴിയിൽ. ഫെഡറേഷൻ ഓഫിസിലെത്തിയ താരത്തോട് സഹോദരനെ പുറത്തുനിർത്തി അകത്തു വരാനാവശ്യപ്പെട്ട ബ്രിജ് ഭൂഷൺ ലൈംഗിക അതിക്രമത്തിന് മുതിർന്നെന്നും പരാതിയുണ്ട്. വരിയിൽ നിൽക്കവേ പിൻവശത്തുകൂടെ വന്ന് ബ്രിജ് ഭൂഷൻ ദേഹത്ത് സ്‍‌പർശിച്ചു. പ്രകടനം മെച്ചപ്പെടുത്താൻ ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു

തന്റെ ലൈംഗിക ആവശ്യത്തിന് വഴങ്ങിയാൽ മാത്രമേ പരുക്കേറ്റ താരത്തിനു ചികിൽസയുള്ളൂവെന്നും ബ്രിജ് ഭൂഷൻ പറഞ്ഞതായും താരങ്ങളുടെ പരാതിയിലെടുത്ത എഫ്ഐആറിൽ പറയുന്നു. ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച മേൽനോട്ട സമിതി പ്രായപൂർത്തിയായ താരത്തിന്റെ മൊഴി പൂർണമായി റെക്കോർഡ് ചെയ്തില്ലെന്ന ഗുരുതര ആരോപണവും ഇതിലുണ്ട്. റെക്കോർഡർ ചില സമയങ്ങളിൽ ഓണാക്കുകയും ഓഫാക്കുകയും ചെയ്തു. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴൊക്കെ നിങ്ങൾക്ക് കൂടുതൽ ടൂർണമെന്റുകളിൽ പങ്കെടുക്കേണ്ടേ എന്ന് ബ്രിജ് ഭൂഷൻ ആവർത്തിച്ചതായും താരങ്ങൾ നൽകിയ പരാതിയിലുണ്ട്.

Top