കെഎസ്‌യു നേതാവ് അന്‍സിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് എഫ്‌ഐആര്‍

 

തിരുവനന്തപുരം: കെഎസ്യു നേതാവ് അന്‍സില്‍ ജലീല്‍ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചതായി എഫ്‌ഐആര്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് അതു യഥാര്‍ഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സര്‍വകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചതായും കന്റോണ്‍മെന്റ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. കേരള സര്‍വകലാശാല റജിസ്ട്രാറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

 

2013-2016 അധ്യയനവര്‍ഷത്തില്‍ കേരള സര്‍വകലാശാലയില്‍നിന്നും ബികോം പാസായെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് അതില്‍ വൈസ് ചാന്‍സലറുടെ വ്യാജ ഒപ്പിട്ടതായി എഫ്‌ഐആറില്‍ പറയുന്നു. ഐപിസി 465, 466, 468, 471, 420 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐപിസി 465 (വ്യാജരേഖ ചമയ്ക്കല്‍). ഈ വകുപ്പ് അനുസരിച്ച് രണ്ടുവര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ഐപിസി 466 (സര്‍ക്കാര്‍ രേഖ വ്യാജമായി ഉണ്ടാക്കുക). ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കാം. 468 (കബളിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമയ്ക്കല്‍). ഏഴുവര്‍ഷംവരെ തടവും പിഴയും. ഐപിസി 471(വ്യാജരേഖ യഥാര്‍ഥ രേഖ എന്ന പേരില്‍ ഉപയോഗിക്കുക). ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കാം.

കെഎസ്യു സംസ്ഥാന കണ്‍വീനറാണ് അന്‍സില്‍ ജലീല്‍. അന്‍സിലിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സീരിയല്‍ നമ്പര്‍ കേരള സര്‍വകലാശാലയുടേത് അല്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരിക്കുന്ന ആള്‍ ആ സമയത്ത് വിസി ആയിരുന്നില്ലെന്നും സര്‍വകലാശാല, ഡിജിപിക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എവിടെയും ഹാജരാക്കിയിട്ടില്ലെന്നും അന്‍സില്‍ ജലീല്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

Top